ഇന്ത്യ- അയർലൻഡ് മൂന്നാം ട്വന്റി-20 നാളെ; സഞ്ജുവിനും ബുമ്രയ്ക്കും വിശ്രമം, ഗെയ്ക്വാദ് നായകനായേക്കും

Update: 2023-08-22 11:51 GMT

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ ടീം നാളെ മൂന്നാം ടി20 മത്സരത്തിനിറങ്ങും. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര നാളെ വിശ്രമമെടുത്താല്‍ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് നാളെ ടീമിനെ നയിക്കും. രണ്ടാം മത്സരത്തില്‍ ഋതുരാജ് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു.

പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന താരങ്ങളെ പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ മലയാളി താരം സഞ്ജു സാംസണും ബുമ്രക്കൊപ്പം നാളെ വിശ്രമം അനുവദിക്കും. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ നാളെ അരങ്ങറ്റം കുറിക്കും. സഞ്ജു ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമാണ്. ബുമ്രക്ക് വിശ്രമം നല്‍കിയാല്‍ പേസ് നിരയിലും മാറ്റം വരും. വിന്‍ഡീസില്‍ തിളങ്ങിയ പേസര്‍ മുകേഷ് കുമാര്‍ ബുമ്രക്ക് പകരം ടീമിലെത്തിയേക്കും. ഏഷ്യാ കപ്പ് ടീമിലിടം നേടിയ പേസര്‍ പ്രസിദ്ധ കൃഷ്ണക്കും വിശ്രമം നല്‍കിയാല്‍ പേസര്‍ ആവേശ് ഖാനും ടീമിലെത്തും.

ഓള്‍ റൗണ്ടര്‍മാരില്‍ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച വാഷിംഗ്‌ടണ്‍ സുന്ദറും നാളെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനിടയില്ല. സുന്ദറിന് വിശ്രമം നല്‍കിയാല്‍ ഷഹബാസ് അഹമ്മദ് ആ സ്ഥാനത്ത് ടീമിലെത്തും. ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്ക്‌വാദും തുടരുമ്പോള്‍ ഏഷ്യാ കപ്പിന് മുമ്പ് മികച്ചൊരു ഇന്നിംഗ്സ് കളിക്കാന്‍ തിലക് വര്‍മക്ക് നാളെ അവസരം ലഭിക്കും. സഞ്ജുവിന്‍റെ സ്ഥാനത്ത് നാലാം നമ്പറില്‍ ജിതേഷ് ശര്‍മ ഇറങ്ങിയാല്‍ ഫിനിഷര്‍മാരായി റിങ്കു സിംഗും ശിവം ദുബെയും കളിക്കും. ഷഹബാസ് അഹമ്മദ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ രവി ബിഷ്ണോയ് എന്നിവര്‍ക്കൊപ്പം പേസറായി അര്‍ഷ്ദീപ് സിംഗ് തുടരും.

Tags:    

Similar News