മെഡല്‍ ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനത്തുക; അമിത്തിന് ഒഡിഷ സര്‍ക്കാര്‍ വക 4 കോടി, മനു ഭാക്കറിന് 30 ലക്ഷം
പാരീസ് ഒളിംപിക്സിൽ ആറ് മെഡലുകളാണ് ഇന്ത്യയുടെ നേട്ടം. ടോക്യോ ഒളിംപിക്സിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ നീരജ് ചോപ്ര വെള്ളി നേടി, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൽ മിക്‌സഡ് ടീം ഇനത്തിലും വെങ്കലം നേടിയ മനു ഭാകർ, ഇതേയിനത്തിൽ മനുവിനൊപ്പം വെങ്കലം നേടിയ സരബ്‌ജ്യോത് സിങ്, 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ വെങ്കലം നേടിയ സ്വപ്നിൽ കുശാലെ, വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീം, പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടിയ അമൻ ഷെരാവത്ത് എന്നിവരാണ് പാരീസിലെ ഇന്ത്യയുടെ മെഡൽ ജേതാക്കൾ. രാജ്യത്തിന്റെ അഭിമാനമുയർത്തിയ ഇവർക്ക് വലിയ സമ്മാനത്തുകകളും പ്രഖ്യാപിച്ചിട്ടുണ്ട്.
മനു ഭാക്കർ
ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത് ഇരട്ട വെങ്കല മെഡൽ ജേതാവായ ഷൂട്ടർ മനു ഭാക്കറാണ്. മനു ഭാക്കറിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സമ്മാനത്തുകയായി ലഭിക്കുക 30 ലക്ഷം രൂപയാണ്.
സരബ്‌ജ്യോത് സിങ്
മനു ഭാക്കറിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൽ മിക്‌സഡ് ടീം ഇനത്തിൽ വെങ്കലം നേടിയ സരബ്‌ജ്യോതിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ക്യാഷ് അവാർഡ് സ്‌കീം വഴി 22.5 ലക്ഷം രൂപയാണ് ലഭിക്കുക.
സ്വപ്‌നിൽ കുശാലെ
പാരീസിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ വെങ്കലം നേടിയ സ്വപ്‌നിലിന് ഒരു കോടി രൂപയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചത്.
പുരുഷ ഹോക്കി ടീം
ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ ഓരോ അംഗത്തിനും 15 ലക്ഷം രൂപ വീതമാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. സപ്പോർട്ട് സ്റ്റാഫിന് 7.5 ലക്ഷം രൂപ വീതവും ലഭിക്കും. ടീമിലെ ഒഡിഷ താരം അമിത്ത് രോഹിദാസിന് ഒഡിഷ മുഖ്യമന്ത്രി മോഹൻ മാഞ്ചി നാലു കോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിലെ ഓരോ അംഗത്തിനും 15 ലക്ഷം രൂപ വീതവും ഒഡിഷ സർക്കാർ നൽകും. സപ്പോർട്ട് സ്റ്റാഫിന് 10 ലക്ഷം വീതവും. അതേസമയം ടീമിലെ പഞ്ചാബ് താരങ്ങൾക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഒരു കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്.
നീരജ് ചോപ്ര
പാരീസിൽ ജാവലിൻ ത്രോയിൽ വെള്ളി നേടിയ നീരജിന് ലഭിക്കുന്ന സമ്മാനത്തുകയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ ടോക്യോയിൽ സ്വർണം നേടിയപ്പോൾ ഹരിയാന സർക്കാർ താരത്തിന് ആറു കോടി രൂപയാണ് സമ്മാനമായി നൽകിയത്.
അമൻ ഷെരാവത്ത്
പാരീസ് ഒളിംപിക്സിൽ ഗുസ്തിയിൽ ഇന്ത്യക്കായി ഏക മെഡൽ നേടിയ അമൻ ഷെരാവത്തിന് ലഭിക്കുന്ന സമ്മാനത്തുകയും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Here’s the prize money medal winning athletes getHere’s the prize money medal winning athletes get