ഹർദ്ദിക് മുംബൈയിലേക്ക് മടങ്ങി; ശുഭ്മാൻ ഗിൽ ഗുജറാത്തിന്റെ പുതിയ ക്യാപ്റ്റൻ
ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് ഗുജറാത്ത് അടുത്ത സീസണിലേക്ക് ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഹാര്‍ദ്ദിക്കിന് പകരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അടക്കമുള്ള താരങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗുജറാത്ത് പരിഗണിച്ചിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാവി നായകനാകുമെന്ന് കരുതുന്ന ഗില്ലിനെ തന്നെ നായകനായി ഗുജറാത്ത് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി മികവ് കാട്ടിയാല്‍ ഗില്ലിന് ഭാവിയില്‍ ഇന്ത്യന്‍ നായകസ്ഥാനത്തേക്കും അവകാശവാദം ഉന്നയിക്കാനാവും.2022ല്‍ ആദ്യ സീസണില്‍ തന്നെ നായകനായി എത്തിയ ടീമിനെ കിരീടത്തിലേക്കും അടുത്ത സീസണില്‍ ഫൈനലിലേക്കും നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികവ് ആവര്‍ത്തിക്കുക എന്നതാകും ഗില്ലിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഓപ്പണറെന്ന നിലയിലുള്ള സമ്മര്‍ദ്ദവും ഗില്ലിന് മറികടക്കേണ്ടിവരും.
ഐപിഎല്ലില്‍ അപൂര്‍വമായി മാത്രം സംഭവിച്ചിട്ടുള്ള ക്യാപ്റ്റന്‍മാരുടെ കൈമാറ്റ ധാരണപ്രകാരമാണ് മുംബൈ ഇന്ത്യന്‍സ് ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമില്‍ തിരിച്ചെത്തിച്ചത്. രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ ടീമിനെ വിജയികളുടെ സംഘമാക്കിയ ഹാര്‍ദ്ദിക്കിന്‍റെ പെട്ടെന്നുള്ള തിരിച്ചുപോക്ക് ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. ഹാര്‍ദിക് ഉള്‍പ്പെടെ ഒമ്പത് പേരെയാണ് ഗുജറാത്ത് ഈ സീസണില്‍ ഒഴിവാക്കിയത്. ഹാര്‍ദ്ദിക്കിന് പുറമെ അല്‍സാരി ജോസഫ്, ഒഡീൻ സ്മിത്ത്, ദാസുന്‍ ഷനക, യഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ്‌വാന്‍ എന്നിവരാണ് ഈ സീസണില്‍ ഗുജറാത്ത് ഒഴിവാക്കിയ താരങ്ങള്‍. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവ ഗുജറാത്ത് നിലനിര്‍ത്തി.