ട്വന്‍റി 20ക്ക് പിന്നാലെ ​ഗൗതം ​ഗംഭീർ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും; ഗംഭീറിന്റെ കാലാവധി 2027 വരെ

Update: 2024-06-16 12:39 GMT

ട്വന്‍റി 20 ലോകകപ്പ് 2024ന് പിന്നാലെ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും എന്ന് റിപ്പോർട്ട്. ജൂണ്‍ അവസാനത്തോടെ ഗംഭീര്‍ ഇന്ത്യൻ ടീമിന്റെ പരിശീലകനാകും എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ടി20 ലോകകപ്പോടെ ഇന്ത്യന്‍ പരിശീലകനായുള്ള രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും. പരിശീലക സ്ഥാനം തുടരില്ലെന്ന് രാഹുല്‍ ദ്രാവിഡ് നേരത്തെ അറിയിച്ചിരുന്നു. സ്വയം സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കാൻ ഗൗതം ഗംഭീര്‍ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡും ബൗളിംഗ് കോച്ച് പരാസ് മാംബ്രെയും ഫീല്‍ഡിംഗ് കോച്ച് ടി ദിലീപുമാണ്. 2027 എകദിന ലോകകപ്പ് വരെയാണ് ​ഗൗതം ​ഗംഭീറിന്റെ കാലാവധി.

ഐപിഎല്ലിന്റെ 17ാം സീസണിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് വഴികാട്ടിയ ഉപദേശകൻ തന്നെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഐപിഎല്‍ ഫൈനലിനിടെ ഗംഭീറുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഏറെ നേരം സംസാരിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും മെന്‍ററായി ടീമിന് ആവശ്യമുണ്ടെന്ന് കെകെആര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ബിസിസിഐയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌ തമ്മില്‍ ധാരണയായെന്നാണ് വിവരം.

Tags:    

Similar News