പുതിയ ചുമതലയേറ്റെടുത്ത് മുൻ ലിവര്‍പൂൾ മാനേജർ യുര്‍ഗന്‍ ക്ലോപ്പ്

Update: 2024-10-09 12:21 GMT

ജര്‍മ്മന്‍ ഫുട്ബോൾ മാനേജർ യുര്‍ഗന്‍ ക്ലോപ്പ് പുതിയ ചുമതല ഏറ്റെടുത്തു. പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന്റെ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ചുമതലയാണ് യുര്‍ഗന്‍ ക്ലോപ്പ് ഏറ്റെടുത്തിരിക്കുന്നത്. റെഡ് ബുള്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ ഫുട്‌ബോള്‍ മേധാവിയായാണ് ക്ലോപ് ചുമതലയേറ്റെടുത്തത്. ബുണ്ടസ് ലീഗ ക്ലബ് ആര്‍ ബി ലൈപ്‌സിഷ് ഉള്‍പ്പടെ നിരവധി ക്ലബുകളുടെ ഉടമസ്ഥരാണ് റെഡ്ബുള്‍ ഗ്രൂപ്പ്. ജനുവരി ഒന്നിനാണ് ക്ലോപ് ഔദ്യോഗികമായി ചുമതലയേല്‍ക്കുക. 2015 ഒക്ടോബറില്‍ ലിവര്‍പൂളിന്റെ പരിശീലകനായ ക്ലോപ്പ് ടീമിനെ ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും ക്ലബ് ലോകകപ്പിലും എഫ് എ കപ്പിലും ലീഗ് കപ്പിലും സൂപ്പര്‍ കപ്പിലും കമ്യൂണിറ്റി ഷീല്‍ഡിലും ചാമ്പ്യന്‍മാരാക്കി.

വ്യത്യസ്തമായൊരു ചുമതലയാണ് ഏറ്റെടുക്കുന്നതെന്നും പുതിയ വെല്ലുവിളികള്‍ തന്നെ പ്രചോദിപ്പിക്കുന്നുണ്ടെന്നും റെഡ്ബുള്ളുമായി കരാറില്‍ എത്തിയശേഷം ക്ലോപ്പ് പറഞ്ഞു. ജര്‍മ്മന്‍ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കുമ്പോള്‍ റെഡ്ബുള്ളുമായുള്ള കരാര്‍ അവസാനിപ്പിക്കാമെന്ന ഉപാധിയിലാണ് ക്ലോപ്പ് പുതിയ ജോലി ഏറ്റെടുത്തിരിക്കുന്നതെന്നാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ രണ്ടുതവണ ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരാക്കിയ മികവുമായാണ് 57കാരനായ ക്ലോപ്പ് ആല്‍ഫില്‍ഡില്‍ എത്തിയത്. ജനുവരിയില്‍ ചുമതല ഏറ്റെടുക്കുന്ന ക്ലോപ്പ് ജര്‍മ്മനി, അമേരിക്ക, ബ്രസീല്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ റെഡ്ബുള്‍ ക്ലബുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Tags:    

Similar News