വംശീയ അധിക്ഷേപം; ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന് ശാസനയും, പിഴയും

Update: 2024-09-24 08:09 GMT

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിനു ശാസനയും പിഴയും. വംശീയ അധിക്ഷേപം ധ്വനിപ്പിക്കുന്ന വേഷവും കറുത്ത മുഖവുമായി സ്‌പോര്‍ട്‌സ് തീം ഫാന്‍സി ഡ്രസ് പാര്‍ട്ടിയില്‍ പങ്കെടുത്ത സംഭവത്തിലാണ് താരത്തെ ശാസിച്ചതും പിഴ ചുമത്തിയതും.

12 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വിഷയത്തിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ഡിസിപ്ലിന്‍ കമ്മീഷന്‍ അഡ്ജഡിക്ടര്‍ നടപടിയെടുത്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ താരം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ചിത്രങ്ങള്‍ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന വിമര്‍ശനവും ഉയരുകയായിരുന്നു. 1000 പൗണ്ട്, അതായത് ഏതാണ്ട് ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഇന്ത്യന്‍ രൂപയാണ് പിഴയൊടുക്കേണ്ടത്. താരത്തിന്റെ പ്രവൃത്തി വിവേചനം നിറഞ്ഞതാണെന്നും കമ്മീഷന്‍ കണ്ടെത്തി.

അതേസമയം, സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതും താരത്തിന്റെ പ്രവൃത്തി മനഃപൂര്‍വമല്ലെന്നതും കമ്മീഷന്‍ പരിഗണിച്ചു. ഇതോടെയാണ് ശാസനയിലും പിഴയിലും ശിക്ഷ ഒതുങ്ങിയത്. സംഭവത്തില്‍ ഹെതര്‍ നൈറ്റ് ക്ഷമ ചോദിച്ചതും ബോര്‍ഡ് പരിഗണിച്ചു.

'2012ല്‍ സംഭവിച്ചത് തെറ്റാണ്. അതില്‍ ക്ഷമ ചോദിക്കുന്നു. അന്നു തന്നെ ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അന്ന് ആ ചിത്രം പങ്കിടുമ്പോള്‍ ഇതുണ്ടാക്കുന്ന അനന്തര ഫലങ്ങളെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. ചിത്രം പോസ്റ്റ് ചെയ്തതില്‍ ദുരുദ്ദേശമൊന്നുമുണ്ടായിരുന്നില്ല. ഭൂത കാലത്തെ മാറ്റാന്‍ എനിക്കു സാധിക്കില്ല. എന്നാല്‍ ക്രിക്കറ്റില്‍ തുല്യതയ്ക്കായും അതിനെ പ്രോത്സഹിപ്പിക്കാനും മുന്നില്‍ നില്‍ക്കും. അതില്‍ പ്രതിജ്ഞാബദ്ധയാണ്' ഹെതര്‍ നൈറ്റ് വ്യക്തമാക്കി.

Tags:    

Similar News