ഐപിഎൽ ഫൈനലിനു മുമ്പേ ട്വന്‍റി20 ക്കായി ആദ്യ സംഘം കരീബിയന്‍ ദ്വീപുകളിലേക്ക്
ഐപിഎൽ 2024 സീസണിന്റെ ഫൈനൽ നടക്കുന്നതിന് മുമ്പ് തന്നെ ആദ്യ ബാച്ച് താരങ്ങള്‍ കരീബിയന്‍ ദ്വീപുകളിലേക്ക് ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് ടൂര്‍ണമെന്‍റിനായി പറക്കുമെന്ന് റിപ്പോർട്ട്. ട്വന്‍റി20 ക്ക് ഇത്തവണ വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് വേദിയാകുന്നത്. ജൂണില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിന് രണ്ട് സംഘങ്ങളായി യാത്രതിരിക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പദ്ധതിയിടുന്നത്. ഐപിഎല്‍ ഫൈനല്‍ നടക്കുന്നത് മെയ് 26നാണ്. ഐപിഎല്ലിൽ പ്ലേഓഫ് മത്സരങ്ങള്‍ കളിക്കാത്ത ടീമുകളിലെ താരങ്ങളടങ്ങുന്ന ആദ്യ സംഘമായിരിക്കും മെയ് 24ാം തീയതി ലോകകപ്പിനായി യാത്രതിരിക്കുന്നത്.
ടീം ഇന്ത്യയുടെ പരിശീലക സംഘവും ഇവര്‍ക്കൊപ്പമുണ്ടാകും. മുംബൈ ഇന്ത്യന്‍സ് പ്ലേഓഫ് കാണാതെ പുറത്തായതിനാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യ ബാച്ചിനൊപ്പം പറന്നേക്കും. ഐപിഎല്‍ പ്ലേഓഫ് ചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യ ബാച്ചിലെ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ് താരങ്ങള്‍ ഒഴികെയുള്ളവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. രണ്ടാം ബാച്ച് താരങ്ങളാവട്ടെ ഐപിഎല്‍ ഫൈനലിന് ശേഷം മാത്രമേ ടി20 ലോകകപ്പ് ടൂര്‍ണമെന്‍റിനായി പോകൂ. ജൂണ്‍ 1 മുതല്‍ 29 വരെയാണ് ലോകകപ്പ് നടക്കുന്നത്. 20 ടീമുകളാണ് ട്വന്‍റി 20 ഫോര്‍മാറ്റിലെ ലോക അങ്കത്തില്‍ പോരാടുക.