ബോക്സിംഗ് ഡേ ടെസ്റ്റ്; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച,കഗീസോ റബാദയ്ക്ക് 5 വിക്കറ്റ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. സെഞ്ചൂറിയനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാംദിനം ചായക്ക് ശേഷം ഏഴിന് 189 എന്ന നിലയിലാണ്. 51 റണ്‍സ് നേടി കെ എല്‍ രാഹുല്‍ ക്രീസിലുണ്ട്. ജസ്പ്രിത് ബുമ്രയാണ് (1) കെ എൽ രാഹുലിന് കൂട്ട്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നന്ദ്രേ ബര്‍ഗര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്നത്തേത്.
ആദ്യ സെഷനില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ചാം ഓവറില്‍ തന്നെ രോഹിത് ശര്‍മ (5) മടങ്ങി. റബാദയെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ ബര്‍ഗര്‍ക്ക് ക്യാച്ച്. വൈകാതെ യഷസ്വി ജെയ്‌സ്വാളും (17) കൂടാരം കയറി. മൂന്നാമനായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലിനും (2) തിളങ്ങാനായില്ല. ഇരുവരേയും ബര്‍ഗര്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയുടെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റില്‍ വിരാട് കോലി (38) - ശ്രേയസ് അയ്യര്‍ (31) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു.
ഇരുവരും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ലഞ്ച് കഴിഞ്ഞുള്ള ആദ്യ ഓവറില്‍ തന്നെ ശ്രേയസിനെ റബാദ ബൗള്‍ഡാക്കി. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. പിന്നീട് കോലിയേയും റബാദ തന്നെ മടക്കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ആര്‍ അശ്വിന് (8) തിളങ്ങാനായില്ല. പിന്നീട് രാഹുല്‍ - ഷാര്‍ദുല്‍ ഠാക്കൂര്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ ഷാര്‍ദൂലിനെ പുറത്താക്കി റബാദ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. അര്‍ധ സെഞ്ചുറിപൂര്‍ത്തിയാക്കിയ രാഹുലിന്റെ ഇന്നിംഗ്‌സില്‍ ഇതുവരെ രണ്ട് സിക്‌സും ഏഴ് ഫോറുമുണ്ട്.