വർഷത്തിൽ എല്ലാ ദിവസവും മാരത്തൺ; 15,444 കി.മീ ഓടി റെക്കോഡിട്ട് ബെൽജിയംകാരി
ഒരു വർഷത്തിൽ എല്ലാ ദിവസവും മാരത്തൺ, പിന്നിട്ടത് 15,444 കി.മീ. വർഷം മുഴുവൻ മാരത്തൺ നടത്തി റെക്കോഡിട്ടിരിക്കുകയാണ് ബെൽജിയം സ്വദേശിയായ ഹിൽദെ ദൊസോഞ്ച് . 2024 ജനുവരി ഒന്നിന് തുടങ്ങിയ ഓട്ടം ഡിസംബർ 31ന് പൂർത്തിയാക്കിയപ്പോൾ വർഷത്തിലെ എല്ലാ ദിവസവും മാരത്തൺ പൂർത്തിയാക്കിയ ആദ്യ സ്ത്രീയായി ഈ 55കാരി മാറി. സ്തനാർബുദ അവബോധ പ്രചാരണമായിരുന്നു ഈ ഓട്ടത്തിന്റെ ലക്ഷ്യം. 60,000 യൂറോയാണ് സ്തനാർബുദ ഗവേഷണത്തിനുള്ള സംഭാവനയായി ഇവർ ഓടി നേടിയത്.
എല്ലാ ദിവസവും രാവിലെ മുതൽ ഓട്ടം തുടങ്ങും. 42.5 കിലോമീറ്ററാണ് ഓരോ ദിവസവും പൂർത്തിയാക്കിയിരുന്നത്. അതിനിടെയുണ്ടായ അസുഖങ്ങളോ, വീഴ്ചകളോ ഒന്നും ഈ ഓട്ടത്തെ പരാജയപ്പെടുത്തിയില്ല. മണിക്കൂറിൽ 10 കിലോമീറ്റർ എന്ന വേഗത്തിലാണ് ഹിൽദെ ഓട്ടം പൂർത്തിയാക്കിയത്. പലപ്പോഴും സുഹൃത്തുക്കളും കാണികളും ഇവർക്കൊപ്പം ഓടി. മാരത്തണിന്‍റെ തുടക്കത്തിൽ 27 കി.മീ പിന്നിട്ടപ്പോഴുണ്ടായ വീഴ്ചയിൽ വിരലുകൾക്ക് സാരമായ പരിക്കേറ്റിരുന്നു. ഇതോടെ, ഓട്ടം പുനരാരംഭിച്ചു. വർഷം നീണ്ട ഓട്ടത്തിന്‍റെ ദൃശ്യങ്ങൾ ഗിന്നസ് അധികൃതർക്ക് സമർപ്പിച്ച് റെക്കോഡിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ഹിൽദെ.