ഓറഞ്ച് ക്യാപ്പ് കിട്ടിയാലൊന്നും ഐപിഎല്‍ കിരീടം കിട്ടില്ല; കോലിയ്ക്കെതിരെ അംബാട്ടി റായുഡു
ഐപിഎൽ 17ാം സീസണിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയതിന് പിന്നാലെ ഓറഞ്ച് ക്യാപ് നേടിയ ആര്‍സിബി താരം വിരാട് കോലിക്കെതിരെ പരോക്ഷ പരാമർശവുമായി മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു.
അഭിനന്ദനങ്ങള്‍ കൊല്‍ക്കത്ത, സുനില്‍ നരെയ്നും ആന്ദ്രെ റസലിനും മിച്ചല്‍ സ്റ്റാര്‍ക്കിനുമൊപ്പം അവസരത്തിന് ഒത്ത് ഉയര്‍ന്നതിന്. കുറെ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നതാണിത്, ഓറഞ്ച് ക്യാപ് ഒന്നുമല്ല നിങ്ങള്‍ക്ക് ഐപിഎല്‍ കിരീടം നേടിത്തരുക. അതിന് പകരം ടീമിലെ ഓരോ താരങ്ങളും 300 റണ്‍സ് വീതം നേടുന്നതാണ് എന്നാണ് റായുഡു പറഞ്ഞത്.
വിരാട് കോലി 15 മത്സരങ്ങളിൽ നിന്നും 741 റൺസ് നേടി റൺവേട്ടക്കാരിൽ ഒന്നാമത്തെത്തിയിരുന്നു. എന്നാൽ ആര്‍സിബി എലിമിനേറ്ററില്‍ പുറത്തായി. അതേസമയം, റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളത് ഒമ്പതാം സ്ഥാനത്തുള്ള സുനില്‍ നരെയ്ന്‍ മാത്രമാണ്. 14 മത്സരങ്ങളില്‍ നിന്ന് 488 റണ്‍സും 17 വിക്കറ്റും വീഴ്ത്തിയ നരെയ്നും 12 കളികളില്‍ 435 റണ്‍സടിച്ച് പതിനഞ്ചാം സ്ഥാനത്തുള്ള ഫില്‍ സാള്‍ട്ടും നല്‍കിയ തുടക്കങ്ങളായിരുന്നു സീസണില്‍ കൊല്‍ക്കത്തയുടെ വിജയത്തിലേക്കുള്ള കുതിപ്പിന് ചവിട്ടുപടിയായത്.