ജപ്പാനോടേറ്റ നാണം കെട്ട തോൽവി; ജർമനിയുടെ കോച്ച് ഹാൻസി ഫ്ലിക്കിനെ പുറത്താക്കി
ലോകകപ്പ് സൌഹൃദ മത്സരത്തിൽ ജപ്പാനോട് ഏറ്റ കനത്ത തോൽവിയെ തുടർന്ന് കോച്ച് ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷൻ.ഖത്തര്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്വന്തം കാണികള്‍ക്ക് മുന്നിലും ജപ്പാനോട് നാണംകെട്ടതോടെയാണ് കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ പരിശീലക സ്ഥാനം തെറിച്ചത്. 1926ല്‍ മുഖ്യ പരിശീലകന്‍ എന്ന സ്ഥാനം രൂപീകരിച്ചതിന് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കുന്ന ആദ്യ കോച്ചാണ് ഫ്‌ളിക്ക്.
2021ല്‍ സ്ഥാനം ഒഴിഞ്ഞ യോക്വിം ലോയ്ക്ക് പകരം ചുമതലേയറ്റ ഫ്‌ളിക്കിന് കീഴില്‍ അവസാന അഞ്ച് കളിയില്‍ നാലിലും ജര്‍മനി തോറ്റിരുന്നു. സമീപകാലത്ത് തോല്‍പിക്കാനായത് ഒമാന്‍, കോസ്റ്റാറിക്ക, പെറു എന്നിവരെ. ആകെ 25 കളിയില്‍ ജയിക്കാനായത് പന്ത്രണ്ടില്‍ മാത്രം. തുടര്‍തോല്‍വികള്‍ നേരിട്ടെങ്കിലും പരിശീലകനായി തുടരുമെന്ന് ഹാന്‍സി ഫ്‌ളിക്ക് വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് അധികൃതരുടെ നടപടി.
ഫ്‌ളിക്കിനൊപ്പം സഹപരിശീലകരായ മാര്‍ക്കസ് സോര്‍ഗ്, ഡാനി റോഹ്ള്‍ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. പകരം റൂഡി വോളറെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. രണ്ടായിരം മുതല്‍ 2004വരെ ജര്‍മന്‍ കോച്ചായിരുന്നു ലോകകപ്പ് ജേതാവായ റൂഡി വോളര്‍. ജര്‍മന്‍ ദേശീയ ടീമിന്റെ ഡയറക്ടറും അദ്ദേഹമായിരുന്നു. വോളറുടെ സഹപരിശീലകരായി ഹാന്‍സ് വോള്‍സ്, സാന്ദ്രോ വാഗ്‌നര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്.