സൗദി : സൗദിയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. പല ഭാഗങ്ങളിലും വീടുകളും സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. മക്കയുടെ ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി.മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചു. പേമാരിയുടെ ഫലമായി മരണങ്ങളോ പരിക്കുകളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് സിവില്‍ ഡയറക്ടറേറ്റ് പറഞ്ഞു. മക്കയിലെ കെട്ടിടങ്ങളില്‍ മഴവെള്ളം കയറുന്നതും കാറുകള്‍ ഒലിച്ചുപോകുന്നതുമായ ചിത്രങ്ങളും വിഡിയോകളും പലരും സോഷ്യല്‍ മീഡിയയില്‍ പങ്ക്‌വെച്ചു. പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായവരില്‍ നിന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ കമ്മിറ്റികള്‍ക്ക് സ്വീകരിച്ച് തുടങ്ങുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
മക്കയെ കൂടാതെ അറാര്‍, തബൂക്ക്, മദീന, സക്കാക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളിലും നേരിയ തോതില്‍ മഴപെയ്തിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) വെള്ളിയാഴ്ച മക്കയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് രാത്രി 9 മണിവരെ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പും നല്‍കിയിരുന്നു. അത്യാവശ്യ കാര്യത്തിനല്ലാതെ ആരും താമസ കേന്ദ്രങ്ങള്‍ വിട്ട് പുറത്തുപോകരുതെന്ന് മക്ക മേഖലയിലെ ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് ആളുകള്‍ അടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.