കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന 22-ാമത് ഫിഫ ലോകകപ്പിന്റെ ഭാഗമായി വിവിധ പ്ലാറ്റ്‌ഫോമുകളിൽ പങ്കെടുത്തത് 500 കോടി പേർ. ടെലിവിഷനുകളിൽ ഫൈനൽ മത്സരം കണ്ടത് 150 കോടി പേർ. സന്ദർശകരുടെ എണ്ണത്തിൽ ഫിഫയുടെ ചരിത്രത്തിൽ വെച്ചേറ്റവും വലിയ റെക്കോർഡാണ് ഖത്തർ ലോകകപ്പിൽ രേഖപ്പെടുത്തിയത്.
നവംബർ 20ന് അൽഖോറിലെ അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിൽ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരം ആഗോള തലത്തിൽ വീക്ഷിച്ചത് 55 കോടി ആളുകളാണെങ്കിൽ ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന ഫൈനൽ മത്സരം കണ്ടത് 150 കോടി പേരാണ്. 88,966 പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഫിഫ ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായി ഒരു മാസം പിന്നിടുമ്പോൾ ഫിഫ അധികൃതരാണ് കണക്കുകൾ പുറത്തുവിട്ടത്.