ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിയമിതനായ വിപുല്‍ ഐഎഫ്എസ് ഉടന്‍ ചുമതലയേല്‍ക്കും. ഇന്നലെ ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അദ്ദേഹം അധികാരപത്രം ഏറ്റുവാങ്ങി. 1998 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വിപുല്‍ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഗള്‍ഫ് ഡിവിഷനില്‍ ജോയിന്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഈ പദവിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗള്‍ഫുമായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്റെ ചുമതല വഹിച്ചുവരികയായിരുന്നു. ഇന്ത്യയുടെ ബന്ധം ദൃഢമാക്കിയ അനുഭവ സമ്പത്ത് അംബാസഡര്‍ പദവിയില്‍ മുതല്‍ക്കൂട്ടാവും.
കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ദീപക് മിത്തല്‍ ദോഹയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി രണ്ട് മാസത്തിനു ശേഷം വിപുലിനെ പുതിയ അംബാസഡറായി നിയമിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ ആദ്യത്തിലായിരുന്നു നിയമന ഉത്തരവ് എങ്കിലും ഇന്നലെ ജൂലൈ 21ന് വെള്ളിയാഴ്ചയാണ് അധികാരപത്രം ഏറ്റുവാങ്ങിയത്. ഉടന്‍ തന്നെ ദോഹയിലെത്തി ചുമതല ഏറ്റെടുത്തേക്കും.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതാപത്രങ്ങള്‍ രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചതില്‍ അഭിമാനമുണ്ടെന്നും ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊഷ്മളമായ നയതന്ത്രബന്ധത്തിന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നതായും രേഖകള്‍ സ്വീകരിച്ച് വിപുല്‍ ട്വീറ്റ് ചെയ്തു.