ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിദേശകാര്യ മന്ത്രാലയം ഗൾഫ് സെക്ടർ ജോയിന്റ് സെക്രട്ടറി വിപുലിനെ നീയമിച്ചു. അടുത്ത മാസം വിപുൽ ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന നിലവിലെ അംബാസഡർ ഡോ. ദീപക്മിത്തലിന് പകരമായാണ് വിപുൽ ചുമതലയേൽകുന്നത്.
ഇന്ത്യയിലേക്ക് മടങ്ങുന്ന ഡോ. ദീപക് മിത്തലിന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് പുതിയ നിയമനം. 1998ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിപുൽ ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്.
2017 മുതൽ 2020 വരെ യു.എ.ഇയിൽ കോൺസുലർ ജനറലായിരുന്നു. ഈജിപ്ത്, ശ്രീലങ്ക, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെ വിദേശകാര്യമന്ത്രിയോടൊപ്പം പ്രവർത്തിച്ചു.
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയ ശേഷമാണ് വിപുൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിൽനിന്ന് എം.ബി.എയും നേടിയിട്ടുണ്ട്.