ഖത്തറിന്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ച പുനരാരംഭിക്കാൻ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ സമ്മതിച്ചു. ജൂലൈ പത്തിന് ചർച്ച ആരംഭിക്കുന്ന ചർച്ചയിലൂടെ അമേരിക്ക- വെനിസ്വേല ശീതയുദ്ധത്തിന് അയവുവരുത്താൻ കഴിഞ്ഞാൽ ഖത്തറിന്റെ നയതന്ത്ര ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകും. വെനിസ്വേലയില്‍ ഈ മാസം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രസിഡന്റ് നിക്കോളസ് മദുറോ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സമ്മതിച്ചത്. രണ്ടുമാസം മുമ്പ് അമേരിക്കയാണ് ചർച്ച പുനരാരംഭിക്കുന്നത് സംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. ലാറ്റിനമേരിക്കയിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യു.എസ് വെനിസ്വേലയുമായി ചർച്ചക്ക് താൽപര്യപ്പെടുന്നതെന്നാണ് കരുതുന്നത്.
രണ്ടുമാസത്തെ ആലോചനക്ക് ശേഷം നിർദേശം അംഗീകരിക്കാൻ തീരുമാനിച്ചതായി മദുറോ ദേശീയ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാർലമെന്റ് സ്പീക്കർ ജോർജ് റോഡ്രിഗസ്, മിറാൻഡ സ്റ്റേറ്റ് ഗവർണർ ഹെക്ടർ റോഡ്രിഗസ് എന്നിവരാണ് ചർച്ചയിൽ വെനിസ്വേലയെ പ്രതിനിധീകരിക്കുക.
ഡിസംബറില്‍ ഖത്തര്‍ ഇടപെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ തടവുകാരെ കൈമാറുന്നതിന് കരാറുണ്ടാക്കിയിരുന്നു. മദുറോയുടെ അടുത്ത അനുയായിയായ അലക്സ് സാബിന്റെ മോചനത്തിന് പകരമായി അന്ന് പത്ത് അമേരിക്കക്കാരെ അന്ന് മോചിപ്പിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം വീണ്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി. രാജ്യത്തിന് മേലുള്ള യു.എസ് ഉപരോധം പിൻവലിക്കണമെന്നാണ് വെനിസ്വേലയുടെ പ്രധാന ആവശ്യം. ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ഇടനിലക്കാരായ കരാർ യു.എസ് ലംഘിച്ചുവെന്ന് നേരത്തെ വെനിസ്വേല ആരോപിച്ചിരുന്നു.
സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന കരാർ പാലിക്കുന്നതിൽ വെനിസ്വേലയാണ് വീഴ്ച വരുത്തിയതെന്ന് യു.എസ് തിരിച്ചടിച്ചു. ജൂലൈ 28ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മദുറോ മൂന്നാം തവണയും അധികാരത്തിൽ വരാൻ ശ്രമിക്കുന്നു. മുൻ നയതന്ത്രജ്ഞൻ എഡ്മുണ്ടോ ഗോൺസാലസിനെതിരെ മദുറോക്ക് മുൻതൂക്കമുണ്ടെന്നാണ് റിപ്പോർട്ട്.