വീണ്ടും ഖത്തറിന്റെ നയതന്ത്രനീക്കം; തടവുകാരെ കൈമാറാൻ അമേരിക്കയും വെനസ്വേലയും ധാരണയിലെത്തി
അന്താരാഷ്ട്ര തലത്തില്‍ വീണ്ടും ഖത്തറിന്റെ നയതന്ത്ര മാജിക്. അമേരിക്കയും വെനസ്വേലയും തടവുകാരെ കൈമാറാന്‍ ധാരണയിലെത്തി. 11തടവുകാരെയാണ് മോചിപ്പിച്ചത്. മധ്യസ്ഥതയ്ക്ക് വെനസ്വേല ഖത്തറിന് നന്ദി പറഞ്ഞു.
വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ നടത്തുന്ന അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തര്‍ അമേരിക്ക-വെനസ്വേല വിഷയത്തിലും മധ്യസ്ഥത വഹിച്ചത്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഒക്ടോബറില്‍ വെനസ്വേലയുടെ പെട്രോളിയം മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം അമേരിക്ക പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തടവുകാരെകൈമാറാനും ധാരണയിലെത്തിയത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കളസ് മദുരോയുടെ അടുപ്പക്കാരനായ കൊളംബിയന്‍ ബിസിനസുകാരന്‍ അലക്സ് സാബും മോചിപ്പിക്കപ്പെട്ടവരിലുണ്ട്. നിര്‍ണായക മധ്യസ്ഥത വഹിച്ച ഖത്തറിനും അമീര്‍ ശൈഖ് തമീംബിന്‍ ഹമദ് അല്‍താനിക്കും മദുരോ നന്ദി പറഞ്ഞു.
6 തടവുകാരെ വെനസ്വേല മോചിപ്പിച്ചതായി ബൈഡനും വ്യക്തമാക്കി. ഇറാനും അമേരിക്കയ്ക്കുമിടയിലും ഖത്തര്‍ സമാനമായ രീതിയില്‍ കരാറുണ്ടാക്കിയിരുന്നു. റഷ്യയില്‍ നിന്നും യുക്രൈന്‍ കുഞ്ഞുങ്ങളെ മോചിപ്പിക്കാന്‍ ഇടപെട്ടതും ഖത്തറാണ്. ഗസ്സയില്‍ വീണ്ടും വെടിനിര്‍ത്തലിനായി ഊര്‍ജിത ശ്രമവും ഖത്തറിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്