ഷാങ്ഹായ് കോഓപറേഷന്‍ ഓര്ഗനൈസേഷന് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കസാഖ്സ്താൻ തലസ്ഥാനമായ അസ്താനയിലെത്തി. കസാഖ്സ്താൻ പ്രസിഡന്റ് കാസിം ജൊമാർട്ട് ടൊകായേവുമായും ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവിധ രാഷ്ട്ര നേതാക്കളുമായും ഖത്തർ അമീർ കൂടിക്കാഴ്ച നടത്തും. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടിക്ക് ശേഷം അദ്ദേഹവും പ്രതിനിധി സംഘവും പോളണ്ടിലേക്ക് തിരിക്കും. പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡ ഉൾപ്പെടെ നേതാക്കളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അമീർ കൂടിക്കാഴ്ച നടത്തും.
ഇന്ത്യ, ചൈന, കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, തജികിസ്താൻ, ഉസ്ബകിസ്താൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളാണ് ഷാങ്ഹായ് കോഓപറേഷന്‍ ഓര്ഗനൈസേഷന് കൂട്ടായ്മയിലുള്ളത്. ഖത്തർ ഉൾപ്പെടെ 14 രാജ്യങ്ങളെ ഡയലോഗ് പാർട്ണർമാരായി ചേർത്തിട്ടുണ്ട്. ശ്രീലങ്ക, തുർക്കിയ, അർമീനിയ, അസർബൈജാൻ, കംബോഡിയ, നേപ്പാൾ, ഈജിപ്ത്, സൗദി, കുവൈത്ത്, മാലദ്വീപ്, മ്യാൻമർ, യു.എ.ഇ, ബഹ്റൈൻ എന്നിവയാണ് മറ്റു ഡയലോഗ് പാർട്ണർമാർ. മംഗോളിയ, ബെലറൂസ് എന്നിവ നിരീക്ഷണ രാജ്യങ്ങളുമാണ്. അമേരിക്കയുടെ ആധിപത്യത്തിന് ബദലായി 2001ൽ റഷ്യയും ചൈനയും ചേർന്ന് രൂപം നൽകിയതാണ് ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ. പിന്നീട് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചു. സാമ്പത്തിക, വാണിജ്യ, ഗതാഗത, ഊർജ സഹകരണത്തിനാണ് ഇപ്പോൾ കൂട്ടായ്മ ഊന്നൽ നൽകുന്നത്.