പനി വാക്‌സിനെടുക്കാൻ ആവർത്തിച്ച് എച്ച്.എം.സി

Update: 2023-12-19 07:18 GMT

തണുപ്പ് ശക്തമായതിനുപിന്നാലെ, പനിയിൽ നിന്നും സംരക്ഷണം നേടുന്നതിന് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് ആരോഗ്യ മന്ത്രാലയം. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി പനിയുടെ സങ്കീർണതകൾ കുറക്കുന്നതിനും അപകട സാധ്യതകൾ ഒഴിവാക്കുന്നതിനും ഫ്ലൂ വാക്‌സിൻ സ്വീകരിക്കണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു.

ഇൻഫ്ലുവൻസ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും രോഗം ഗുരുതരമായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ചിലപ്പോൾ മരണത്തിനുവരെ ഇത് വഴിയൊരുക്കുമെന്നും ആരോഗ്യ മന്ത്രാലയം നിരവധി തവണ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം ഫ്ലൂ ബാധിച്ച് 750ലധികം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം വന്നാൽ സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കുക, ഉപയോഗിച്ച ടിഷ്യൂ സുരക്ഷിതമായി ഉപേക്ഷിക്കുക, കൈ കഴുകുക, ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക, ശരീരത്തിൽ ജലാംശം നിലനിർത്തുക, രോഗമുക്തി നേടിയതിനുശേഷം വാക്‌സിൻ സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ മുന്നോട്ടുവെച്ചു.

ഫ്ലൂ, കോവിഡ് എന്നിവക്കെതിരായ പ്രതിരോധ വാക്‌സിനുകൾ ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭ്യമാണെന്ന് മന്ത്രാലയത്തിലെ ഹെൽത്ത് എമർജൻസി വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത്ത് പറഞ്ഞു. ഹമദ് മെഡിക്കൽ കോർപറേഷനിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ കൂടാതെ പി.എച്ച്.സി.സിക്ക് കീഴിലുള്ള 31 ഹെൽത്ത് സെന്ററുകൾ, സർക്കാർ-അർധ സർക്കാർ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ ഉൾപ്പെടെ 90 ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്‌സിൻ സൗജന്യമായി ലഭ്യമാണ്. കാലാവസ്ഥ മാറുകയും ശൈത്യകാലം വരുകയും ചെയ്യുമ്പോൾ അപ്പർ റെസ്പിറേറ്ററി വൈറസുകൾ കൂടുതലായി വ്യാപിക്കും. രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് വാക്‌സിനെടുക്കാൻ നിർദേശിക്കുകയാണെന്ന് ഒരു വിഡിയോ സന്ദേശത്തിൽ ഡോ. സുഹ അൽ ബയാത്ത് പറഞ്ഞു. ഫ്ലൂ, ആർ.എസ്.വി, കോവിഡ്-19 എന്നിവയുടെ ലക്ഷണങ്ങൾ വളരെ സമാനമാണ്. മറ്റ് ലക്ഷണങ്ങളിൽ പനി, ചുമ, ശ്വാസതടസ്സം എന്നിവ ഇതിലുൾപ്പെടും. ഈ ലക്ഷണങ്ങളുള്ളവർ വീടുകളിൽ തന്നെ കഴിയണം. രോഗലക്ഷണങ്ങൾ കഠിനമാവുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണം -ഡോ. അൽ ഖാൽ കൂട്ടിച്ചേർത്തു.

Tags:    

Similar News