അറബ്, ഗൾഫ് മേഖലയിൽനിന്ന് വിസയില്ലാതെ അമേരിക്കയിൽ യാത്രചെയ്യാൻ കഴിയുന്ന ആദ്യ രാജ്യമായി ഖത്തർ. വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനെ ഉൾപ്പെടുത്തിക്കൊണ്ട് യു.എസ് ആഭ്യന്തര സുരക്ഷ വിഭാഗം പ്രഖ്യാപനം വന്നതോടെയാണ് ഖത്തരി പൗരന്മാർക്ക് വിസയുടെ നൂലാമാലകളില്ലാതെത്തന്നെ അമേരിക്കയിലേക്ക് പറക്കാനുള്ള അവസരം ഒരുങ്ങിയത്. ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതി പ്രകാരം ഖത്തരി പൗരന്മാർക്ക് അമേരിക്കയിലെത്തി 90 ദിവസം വരെ വിസയില്ലാതെ താമസിക്കാം.
ഇരു രാജ്യങ്ങളും തമ്മിലെ ശക്തമായ ഉഭയകക്ഷി, നയതന്ത്ര, സുരക്ഷാ സൗഹൃദത്തിൻറെ ഭാഗമായാണ് അപൂർവം രാജ്യങ്ങൾ മാത്രം ഇടംപിടിച്ച വിസ രഹിത പ്രവേശന പട്ടികയിൽ ഖത്തറിനെയും ഉൾപ്പെടുത്തിയത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻറെ നിർദേശപ്രകാരം ഖത്തറിനെയും വിസ രഹിത പ്രോഗ്രാം (വി.ഡബ്ല്യു.പി) രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആഭ്യന്തര സുരക്ഷ സെക്രട്ടറി അലയാന്ദ്രോ മയോർകാസ് അറിയിച്ചു. ഇതുപ്രകാരം അമേരിക്കൻ പൗരന്മാർക്കും ഖത്തറിലേക്ക് വിസയില്ലാതെ യാത്രയും 90 ദിവസത്തെ താമസവും അനുവദിക്കും. നേരത്തേതന്നെ അമേരിക്കൻ പൗരന്മാർക്ക് ഖത്തർ വിസ രഹിത പ്രവേശനം അനുവദിക്കുന്നുവെങ്കിലും ഇതിൽ താമസ കാലയളവ് 30 ദിവസമാണ്. ഒക്‌ടോബർ ഒന്ന് മുതൽ 90 ദിവസമായി മാറും. അമേരിക്ക വിസ രഹിത പ്രവേശനം അനുവദിക്കുന്ന 42ാമത്തെ രാജ്യമായാണ് ഖത്തർ ഇടം പിടിച്ചത്.
ഏഷ്യയിൽ നിന്ന് ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, സിംഗപ്പൂർ രാജ്യങ്ങൾ മാത്രമാണ് വിസയില്ലാതെ യാത്രാനുമതിയുള്ളവരുടെ പട്ടികയിലുള്ളത്. വിനോദസഞ്ചാരം, ബിസിനസ് ആവശ്യങ്ങൾക്കുള്ള യാത്രകൾക്കു മാത്രമാണ് ഇതുവഴി അനുവാദം ലഭ്യമാകൂ. വിവിധ സുരക്ഷാ, നിയമ മാനദണ്ഡങ്ങൾ പരിഗണിച്ചു മാത്രമാണ് അമേരിക്കയുടെ വിസ രഹിത രാജ്യങ്ങളുടെ പട്ടിക നിശ്ചയിക്കുന്നത്. തീവ്രവാദ വിരുദ്ധത, നിയമ പാലനം, ഇമിഗ്രേഷൻ എൻഫോഴ്സ്മെൻറ്, ഡോക്യുമെൻറ് സെക്യൂരിറ്റി, ബോർഡർ മാനേജ്മെൻറ് തുടങ്ങിയ വിഷയങ്ങളിൽ രാജ്യങ്ങൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് വാഷിങ്ടൺ ആവശ്യപ്പെടുന്നത്. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന ശക്തമായ പങ്കാളിയാണ് ഖത്തറെന്ന് അമേരിക്കൻ ഹോം ലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. 2023ൽ ഉൾപ്പെടുത്തിയ ഇസ്രായേലാണ് ഏറ്റവും ഒടുവിലായി അമേരിക്കയുടെ വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങളിൽ ഒന്നായത്.
ഖത്തറും അമേരിക്കയും തമ്മിലെ ബന്ധം ഇതുവഴി കൂടുതൽ ശക്തിപ്പെടുമെന്ന് അലയാന്ദ്രോ മയോർകാസും ആൻറണി ബ്ലിങ്കനും പ്രതികരിച്ചു. വിവര കൈമാറ്റവും സുരക്ഷയും ശക്തമാക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് സുഗമമായ യാത്ര സാധ്യമാകുമെന്നും വ്യക്തമാക്കി. ഖത്തറും അമേരിക്കയും തമ്മിലെ വിവിധ മേഖലകളിലെ സഹകരണത്തിൻറെയും ദൃഢമായ ബന്ധത്തിൻറെയും സാക്ഷ്യമാണ് വിസ രഹിത പട്ടികയിലെ ഇടമെന്ന് ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽ ഥാനി പറഞ്ഞു. മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കൻ മേഖലയിലും സുരക്ഷയിലും മറ്റും ഖത്തറിൻറെ അന്താരാഷ്ട്ര മികവിനുള്ള അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനെയും ഉൾപ്പെടുത്താനുള്ള യു.എസ് ആഭ്യന്തര സുരക്ഷ വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്തതായി അമേരിക്കയിലെ ഖത്തർ അംബാസഡർ ശൈഖ് മിശാൽ ബിൻ ഹമദ് ആൽ ഥാനി പറഞ്ഞു. ദൃഢമായ ഖത്തർ -അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ, ഭീകരവാദ വിരുദ്ധ പോരാട്ടം, നിയമവിരുദ്ധ സാമ്പത്തിക ശൃംഖലകൾക്കും മനുഷ്യക്കടത്തിനുമെതിരായ പോരാട്ടം എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിസി വെയ്‌വർ പ്രോഗ്രാമിൽ ഖത്തറിനും ഇടം നൽകുന്നത്. വാണിജ്യ, വിനോദസഞ്ചാര, സാംസ്‌കാരിക മേഖലകളിലെ സഹകരണത്തിലും ഈ സൗഹൃദം ശക്തി പകരും -ശൈഖ് മിശ്അൽ 'എക്‌സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഇ.എസ്.ടി.എ വഴി അപേക്ഷിക്കാം
ഡിസംബർ ഒന്നിനു ശേഷം അമേരിക്കയിലേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്ന ഖത്തർ പൗരന്മാർക്ക് അപേക്ഷിക്കാൻ കഴിയുംവിധം ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ഇ.എസ്.ടി.എ) ഓൺലൈൻ ആപ്ലിക്കേഷനും മൊബൈൽ ആപ്പും അപ്ഡേറ്റ് ചെയ്യും. ഇ.എസ്.ടി.എ വഴി അനുമതി രണ്ട് വർഷത്തേക്ക് സാധുവാണ്. അതേസമയം, സാധുവായ ബി-1/ബി-2 വിസയുള്ള യാത്രക്കാർക്ക് നിലവിലെ വിസ തന്നെ ഉപയോഗിക്കാവുന്നതാണ്. esta.cbp.dhs.gov എന്ന ലിങ്ക് വഴിയോ ആപ് സ്റ്റോറിൽ നിന്നും 'ഇ.എസ്.ടി.എ മൊബൈൽ' ആപ് ഡൗൺലോഡ് ചെയ്‌തോ നടപടികൾ ആരംഭിക്കാം.