ആദ്യ ഖത്തർ ടോയ് ഫെസ്റ്റിവലിൽ വൻ ജനപങ്കാളിത്തമുണ്ടായതായി ഖത്തർ ടൂറിസം. 25 ദിവസം 75000 പേരാണ് ഫെസ്റ്റിവൽ സന്ദർശിച്ചത്. ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയിൽ പുതിയ ഒരധ്യായം എഴുതിച്ചേർത്താണ് ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിച്ചത്. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ കളിപ്പാട്ട നിർമാതാക്കളും കാർട്ടൂൺ കഥാപാത്രങ്ങളുമെല്ലാം സമ്മേളിച്ച വേദി പുതിയ അനുഭവമാണ് കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനിച്ചത്.
ജൂലായ് 13ന് ആരംഭിച്ച് ആദ്യ ദിനം മുതൽ വൻ സ്വീകാര്യത നേടിയ ഫെസ്റ്റിലേക്ക് ഓരോ ദിവസവും ആയിരങ്ങൾ ഒഴുകിയെത്തി. ബാർനി, ബാർബി, ആൻഗ്രി ബേർഡ്‌സ്,സോണിക്, ട്രാൻസ്‌ഫോമേഴ്‌സ് തുടങ്ങിയ 25ഓളം ബ്രാൻഡുകളാണ് മേളയിൽ പങ്കെടുത്തത്. കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്ക് പൂർണസമയം കളിക്കാനും ആസ്വദിക്കാനുമെല്ലാം അവസരങ്ങൾ തീർത്തായിരുന്നു 25 ദിവസത്തെ മേള ക്രമീകരിച്ചത്.ഓരോ ദിവസവും ശരാശരി 3000 എന്ന നിലയിൽ സന്ദർശകർ എത്തിയെന്നാണ് കണക്ക്. വ്യാഴം, വെള്ളി, ശനി തുടങ്ങിയ വരാന്ത്യങ്ങളിൽ തിരക്ക് ഇരട്ടിയോളം വർധിച്ചു.