കലയുടെ ലോകത്ത് പിച്ചവെച്ചുവളരുന്ന പ്രതിഭകൾക്ക് മുന്നിൽ വിശാലമായ കാൻവാസ് തുറന്നു നൽകി ഖത്തർ മ്യൂസിയം. തങ്ങളുടെ താൽകാലിക പബ്ലിക് ആർട്ടിൽ പങ്കെടുത്ത് പ്രതിഭയെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുമെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു. പബ്ലിക് ആർട്ട് പ്രോഗ്രാം വഴി തിരഞ്ഞെടുക്കപ്പെടുന്ന തുടക്കക്കാരായ കലാകാരന്മാർക്ക് തിരഞ്ഞെടുത്ത കലാസൃഷ്ടികൾ ലിവാൻ ഡിസൈൻ സ്റ്റുഡിയോ ആൻഡ് ലാബിൽ പ്രദർശിപ്പിക്കുകയും ചെയ്യാം. വളരുന്ന കലാകാരന്മാർക്ക് പ്രോത്സാഹനവും സൃഷ്ടികൾ പ്രദർശിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുക എന്ന ഖത്തർ മ്യൂസിയത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭമെന്ന് ഖത്തർ മ്യൂസിയം പബ്ലിക് ആർട്ട് വിഭാഗം മേധാവി അബ്ദുൽ റഹ്മാൻ അൽ ഇസ്ഹാഖ് പറഞ്ഞു.
പുതുമയാർന്ന രചനകളും കലാസൃഷ്ടികളും കാഴ്ചക്കാരിലെത്താൻ ഇത് അവസരമൊരുക്കുമെന്ന് അൽ ഇസ്ഹാഖ് കൂട്ടിച്ചേർത്തു. സൃഷ്ടികൾ, ശിൽപം, ഇൻസ്റ്റലേഷൻ, മികിസ് മീഡിയ, മൊസൈക് ടൈൽ എന്നീ വിഭാഗങ്ങളിൽപെടുന്നവയായിരിക്കണം. അപേക്ഷകൻ 18 വയസ്സു തികഞ്ഞവരോ, അല്ലെങ്കിൽ രണ്ടുവർഷത്തിനുള്ളിൽ ബിരുദം പൂർത്തിയാക്കിയവരോ ആയിരിക്കണം. ഖത്തറിൽ താമസിക്കുന്നവർക്ക് (ഐ.ഡിയുള്ളവർ) മാത്രമാണ് അപേക്ഷിക്കാൻ അവസരം.
ഓരോ പദ്ധതിക്കും ചെലവഴിക്കാവുന്ന പരമാവധി തുക 30,000 റിയാലാണെന്ന് ഖത്തർ മ്യൂസിയം വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർ പദ്ധതിയിലുടനീളം ഒരു ക്യുറേറ്ററുമായി അടുത്ത് സഹകരിച്ച് പ്രവർത്തിക്കും. മുശൈരിബ് നഗരമധ്യത്തിലെ ചരിത്രപരമായ കെട്ടിടത്തിലാണ് ലിവാൻ ഡിസൈൻ സ്റ്റുഡിയോ ആൻഡ് ലാബ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഡിസൈനർമാരെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി മൺപാത്ര നിർമാണം, തുകൽപണി, ഡിജിറ്റൽ ഫോട്ടോഗ്രഫി, പ്രോട്ടോടൈപ്പിങ് എന്നിവയുൾപ്പെടുന്ന വിവിധ ഡിസൈൻ വിഭാഗങ്ങൾക്ക് അത്യാധുനിക സൗകര്യങ്ങളാണ് ലിവാൻ സ്റ്റുഡിയോ ലാബ് വാഗ്ദാനം ചെയ്യുന്നത്.