ജൂലൈയിൽ ഖത്തറിന് 45000 കോടി രൂപയോളം വ്യാപാര മിച്ചം; കണക്കുകള്‍ പുറത്ത് ‌

Update: 2023-08-31 07:32 GMT

ജൂലൈയില്‍ ഖത്തറിന്റെ വ്യാപാര മിച്ചം കൂടിയതായി പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക് അതോറിറ്റി. 45,000 കോടി രൂപയോളമാണ് കഴിഞ്ഞ മാസത്തെ വ്യാപാര മിച്ചം. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഖത്തറിന്റെ വ്യാപാര മിച്ചത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായതായി പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു.

പാചകവാതക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തന്നെയാണ് ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതിയുടെ 60 ശതമാനവും നടത്തിയത്. ഖത്തറിലെ ആകെ കയറ്റുമതിയുടെ 60 ശതമാനത്തിലേറെ പ്രകൃതി വാതകമാണ്. 20 ശതമാനത്തോളം ക്രൂഡ് ഓയിലും.

അതേസമയം, വാര്‍ഷിക കണക്കെടുക്കുമ്പോള്‍ വ്യാപാര മെച്ചത്തില്‍ 43 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. 9.44 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ ഇറക്കുമതിയാണ് ജൂലൈ മാസത്തില്‍ ഖത്തര്‍ നടത്തിയത്. ഇറക്കുമതിയിലും16 ശതമാനവുമായി ചൈനയാണ് മുന്നില്‍.

Tags:    

Similar News