ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തർ
ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം ഡ്രൈവിങ് കടുത്ത നിയമലംഘനമാണെന്ന് വ്യക്തമാക്കിയ അധികൃതർ, കുറ്റക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് എല്ലാവരുടെയും സുരക്ഷയുടെ ഭാഗമാണെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഗതാഗത നിയമത്തിലെ ആർട്ടിക്ക്ൾ 29 അനുസരിച്ച്, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിനു കീഴിലെ ലൈസൻസിങ് അതോറിറ്റിയിൽനിന്ന് ഡ്രൈവിങ് ലൈസൻസ് നേടിയതിന് ശേഷം മാത്രമെ റോഡിൽ ഒരു മെക്കാനിക്കൽ വാഹനമോടിക്കാൻ പാടുള്ളൂ.
ജി.സി.സി പൗരന്മാർക്ക് അവരുടെ രാജ്യങ്ങളിൽനിന്നുള്ള സാധുവായ ലൈസൻസുമായി വാഹനമോടിക്കാവുന്നതാണ്. അതേസമയം, ഇതിന്റെ കാലാവധി കഴിഞ്ഞാൽ ഖത്തരി ലൈസൻസിലേക്ക് മാറിയിരിക്കണം. സാധുവായ ഖത്തരി ഇതര ഡ്രൈവിങ് ലൈസൻസുള്ള വിനോദസഞ്ചാരികളും സന്ദർശകരും അവർ രാജ്യത്ത് പ്രവേശിച്ച് 15 ദിവസങ്ങൾക്കുള്ളിൽ അത് ലൈസൻസിങ് അതോറിറ്റിക്ക് മുമ്പാകെ സമർപ്പിച്ച്, രാജ്യത്ത് താമസിക്കുന്ന ദിവസങ്ങളിലേക്കോ അല്ലെങ്കിൽ അതോറിറ്റി നിർണയിക്കുന്ന പ്രത്യേക കാലയളവിലേക്കോ അംഗീകാരം നേടിയിരിക്കണം.
ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കുകയും ബന്ധപ്പെട്ട കോടതി നടപടികൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മൂന്ന് വർഷത്തിൽ കൂടാത്ത തടവ് ശിക്ഷയും 50,000 റിയാൽ വരെ പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്.