റെക്കോർഡ് തിരുത്താൻ വീണ്ടും ഹമദ്; 2022ൽ വന്നുപോയത് 3,57,34,243 യാത്രക്കാർ

Update: 2023-02-07 07:34 GMT

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷവും റെക്കോർഡ് ലക്ഷ്യമാക്കി അധികൃതർ. കോവിഡിന് ശേഷമുള്ള ഉണർവും 2022 ഫിഫ ലോകകപ്പിന്റെ ആഗോള സ്വീകാര്യതയും അടിസ്ഥാനമാക്കി ഈ വർഷവും യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇടാൻ തന്നെയാണ് വിമാനത്താവളം ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ അക്ബർ അൽ ബേക്കർ വ്യക്തമാക്കി.

വർഷം തോറും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുന്നു. 2022 ൽ 3,57,34,243 യാത്രക്കാർ. 2021 നേക്കാൾ 101.9 ശതമാനമാണ് വർധന. കോവിഡിന് തൊട്ടുമുൻപ് 2019 ൽ യാത്രക്കാരുടെ എണ്ണം 3.95 കോടി എത്തിയിരുന്നു. ഈ വർഷവും യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് ഇടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിനിടെ അൽബേക്കർ വ്യക്തമാക്കി.

രാജ്യത്തേക്ക് സന്ദർശകരെ കൊണ്ടുവരുന്ന കാര്യത്തിൽ ടൂറിസത്തിന് മേൽ വലിയ സമ്മർദമുണ്ട്. അതേസമയം തന്നെ ഖത്തർ എയർവേയ്‌സിന്റെ വാണിജ്യവിഭാഗത്തിന് ഉയർന്ന പ്രതീക്ഷകളാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 170 കേന്ദ്രങ്ങളിലേക്കാണ് വിമാനത്താവളത്തിൽ നിന്ന് സർവീസ് നടക്കുന്നത്. 150 കേന്ദ്രങ്ങളിലേക്ക് ഖത്തർ എയർവേയ്‌സും സർവീസ് നടത്തുന്നുണ്ട്.

വിപുലീകരണത്തിന്റെ രണ്ടാംഘട്ട (ബി)ത്തിലൂടെയാണ് വിമാനത്താവളം കടന്നു പോകുന്നത്. പ്രതിവർഷം 7 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ തക്ക ശേഷിയാണ് പ്രതീക്ഷിക്കുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി 2 പുതിയ കോൺകോഴ്‌സുകൾ കൂടി ടെർമിനലുകളിൽ നിർമിക്കും.

Tags:    

Similar News