ഗാസയില്‍ തടവുകാരുടെ കൈമാറ്റം ഉടന്‍ സാധ്യമാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ട്. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകളെ ബാധിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസപ് ബോറെലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ഹമാസിന്റെയും ഇസ്രായിലെന്റയും തടവിലുള്ളവരെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കരാറിലെത്താന്‍ വളരെ ചെറിയ അകലം മാത്രമാണ് ഉള്ളത്.
മധ്യസ്ഥ ചര്‍ച്ചകളെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അത് ചര്‍ച്ചകളെ ബാധിക്കുകയും വിപരീതഫലം ഉണ്ടാക്കുകയും ചെയ്യും. അല്‍ശിഫ ആശുപത്രിയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് നേരെ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തെ അദ്ദേഹം വിമര്‍ശിച്ചു. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസപ് ബോറെല്‍ പറഞ്ഞു. യു.എന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ തീരുമാനം വെറും വാക്കുകളില്‍ ഒതുങ്ങരുത്. അത് പ്രാബല്യത്തില്‍ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.