സ്കൂൾ ബസിൽ മലയാളി വിദ്യാർഥിനി മരിച്ച സംഭവം, ഖത്തറിൽ സ്കൂൾ അടയ്ക്കാൻ ഉത്തരവ്

Update: 2022-09-14 01:24 GMT

ഖത്തറിൽ സ്കൂൾ ബസ്സിനുള്ളിൽ മലയാളി വിദ്യാർഥിനി  മരിച്ച സംഭവത്തിൽ സ്കൂൾ അടയ്ക്കാൻ ഉത്തരവ്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ്  വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത്. വീഴ്ചവരുത്തിയ സ്കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച  ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി. നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയെന്ന നാലു വയസുകാരിക്ക് സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ സ്വന്തം ജീവൻ ബലി നല്‍കേണ്ടി വന്നത്. രാവിലെ സ്കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം.

മിൻസ മറിയം ജേക്കബിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും.

Tags:    

Similar News