ഖത്തറിന്റെ ആകാശത്ത് വർണക്കാഴ്ചകളുമായി പട്ടംപറത്തൽ മേളക്ക് തുടക്കമായി. 10 ദിവസം നീണ്ടുനിൽക്കുന്ന വിസിറ്റ് ഖത്തർ പട്ടം പറത്തൽ മേള പഴയ ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂയിസ് ടെർമിനൽ പരിസരത്താണ് ആരംഭിച്ചത്. വിചിത്രമായ നീരാളികളും വ്യാളികളും മുതൽ ഗാംഭീര്യമുള്ള സിംഹങ്ങൾ വരെ കാഴ്ചക്കാരുടെ ഭാവനകളെ പിടിച്ചിരുത്തുന്ന വൈവിധ്യമാർന്ന പട്ടങ്ങളാണ് ദിനേന ആകാശത്തേക്ക് ഉയരുന്നത്.
ഫെബ്രുവരി മൂന്ന് വരെ തുടരുന്ന മേള പ്രവൃത്തി എല്ലാദിവസവും വൈകിട്ട് മൂന്ന് മുതലും, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ്. ഇസ്ലാമിക് ആർട്ട് മ്യൂസിയം പരിസരത്ത് നിന്നും പഴയ ദോഹ തുറമുഖത്തേക്ക് മേളയുടെ വേദി മാറ്റിയതും രണ്ടാമത് പതിപ്പിന് മനോഹാരിത വർധിപ്പിക്കും. ഉദ്ഘാടന ദിവസത്തിൽ ഖത്തർ ലോകകപ്പ് 2022ന്റെ ഔദ്യോഗിക ചിഹ്നമായ ലഈബും പട്ടമായി വാനിലുയർന്നിരുന്നു.
ഖത്തർ ടൂറിസത്തിന്റെയും വേദി നൽകുന്ന പഴയ ദോഹ തുറമുഖത്തിന്റെയും പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ വർണങ്ങളിലുള്ള പട്ടം പറത്തൽ, സെലിബ്രേഷൻ പാലസിന്റെ ഇൻഫ്ലാറ്റബിൾസ് ഗെയിംസ് ഏരിയ, അന്താരാഷ്ട്ര രുചിവൈവിധ്യങ്ങളോടെയുള്ള ഫുഡ് കോർട്ട്, ഇഖ്ബാൽ ഹുസൈൻ നയിക്കുന്ന സൗജന്യ പട്ടം നിർമാണ ശിൽപശാല തുടങ്ങി നിരവധി പരിപാടികളാണ് സംഘാടകർ സജ്ജമാക്കിയിട്ടുള്ളത്.