ഏഷ്യൻ കപ്പ് ; കാണിക്കുള്ള പ്രവേശന പ്ലാറ്റ്ഫോമായും ഹയ്യ കാർഡ് പ്രവർത്തിക്കും
അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിന് ഖത്തറിലെത്തുന്ന കാണികൾക്കുള്ള പ്രവേശന പ്ലാറ്റ്ഫോമായും ഹയ്യ കാർഡ് സംവിധാനം പ്രവർത്തിക്കുമെന്ന് ഹയ്യ സി.ഇ.ഒ സഈദ് അലി അൽ കുവാരി അറിയിച്ചു. ഖത്തറിലെ എല്ലാ പരിപാടികൾക്കും ഹയ്യ പ്ലാറ്റ് ഫോം ഉപയോഗിക്കാമെന്നും അൽ റയ്യാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സഈദ് അൽ കുവാരി വ്യക്തമാക്കി.
ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഹയ്യ പ്ലാറ്റ്ഫോമിൽ അപേക്ഷിക്കുകയും ഉചിതമായ വിസ തിരഞ്ഞെടുക്കുകയും വേണം. എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ 2023, ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ് ദോഹ 2024 തുടങ്ങിയ ചാമ്പ്യൻഷിപ്പുകളും ഇതിലുൾപ്പെടുമെന്നും ഹയ്യ പ്ലാറ്റ്ഫോമിൽ ആരംഭിച്ച ടൂറിസ്റ്റ് വിസകൾ വ്യവസ്ഥകൾ പ്രകാരം ഉപയോഗിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വർഷം ആദ്യത്തിലാണ് ലോകകപ്പിനായി രൂപകൽപ്പന ചെയ്ത ഹയ്യ പ്ലാറ്റ്ഫോം നവീകരിക്കുകയും ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് വിസ ആവശ്യമുള്ള യാത്രക്കാർക്കുള്ള ഗോ-റ്റു പോർട്ടലായി മാറ്റുകയും ചെയ്തത്. എല്ലാ വിനോദസഞ്ചാരികൾക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള രാജ്യത്തിന്റെ ഏക പോർട്ടലായി ഹയ്യ പ്ലാറ്റ്ഫോം മാറുമെന്നും ഖത്തർ പ്രഖ്യാപിച്ചു.
മൂന്ന് വിഭാഗത്തിലുള്ള സന്ദർശകർക്കാണ് ഖത്തറിന്റെ ഇ-വിസക്ക് അർഹതയുള്ളത്. ഹയ്യ ഇ-വിസ സന്ദർശകരെ അവരുടെ രാജ്യം, റെസിഡൻസി, അല്ലെങ്കിൽ ഒരു യാത്രികന് നേരത്തെയുള്ള അന്താരാഷ്ട്ര വിസ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. എ1, എ2, എ3 എന്നിങ്ങനെയാണ് വിസ അറിയപ്പെടുന്നത്. ഖത്തറിലേക്ക് വിസ ഓൺ അറൈവൽ അല്ലെങ്കിൽ വിസ രഹിത പ്രവേശനത്തിന് യോഗ്യത നേടാത്ത എല്ലാ രാജ്യക്കാരും എ വൺ വിഭാഗത്തിലാണ് ഉൾപ്പെടുക. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവർ മാത്രമായിരിക്കും എ ടു വിസ കാറ്റഗറിയിലുൾപ്പെടുക. ഷെങ്കൻ, യു.കെ, യു.എസ്, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള വിസയോ റസിഡൻസിയോ ഉള്ള അന്താരാഷ്ട്ര സന്ദർശകരാണ് എ ത്രീ വിഭാഗത്തിലുൾപ്പെടുക.
30 ദിവസത്തിൽ കൂടുതൽ താമസിക്കുന്നില്ലെങ്കിൽ എ ത്രി വിഭാഗത്തിന് ആരോഗ്യ ഇൻഷുറൻസ് ആവശ്യമില്ല. ഹയ്യ കാർഡ് എന്ന ആശയം ഫാൻ വിസയിൽനിന്ന് ടൂറിസ്റ്റ് വിസയിലേക്കും ആരാധകർക്കുള്ള പ്ലാറ്റ്ഫോമിൽനിന്ന് ഖത്തറിലെ പരിപാടികൾക്കുള്ള പ്ലാറ്റ്ഫോമിലേക്കും വിപുലീകരിച്ച പ്രക്രിയ വിജയകരമായിരുന്നുവെന്ന് അൽ കുവാരി ചൂണ്ടിക്കാട്ടി. ഇപ്പോൾ ഖത്തറിൽ നടക്കുന്ന പല പരിപാടികൾക്കും ഹയ്യ പ്ലാറ്റ്ഫോമാണ് പ്രവേശനത്തിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.