അഫ്ഗാൻ വികസനം ; ദോഹ ചർച്ച സമാപിച്ചു , ഉപരോധം അവസാനിപ്പിക്കണമെന്ന് താലിബാൻ

Update: 2024-07-02 09:24 GMT

അഫ്ഗാനിസ്താനിലെ മാനുഷിക സഹായ വിതരണവും നിക്ഷേപവും സുഗമമാക്കാൻ യു.എന്നിന്റെ ആഭിമുഖ്യത്തിൽ വിളിച്ച സിവി​ൽ സൊസൈറ്റി ഗ്രൂപ്പുകളുടെ യോഗം ഖത്തറിൽ നടന്നു. ജൂൺ 30, ​ജൂലൈ ഒന്ന് തീയതികളിൽ ദോഹയിൽ നടന്ന ചർച്ചയിൽ സർക്കാർ വക്താവ് സബീഉല്ല മുജാഹിദിന്റെ നേതൃത്വത്തിൽ താലിബാൻ പ്രതിനിധി സംഘവും പ​ങ്കെടുത്തു.

ഇന്ത്യ, റഷ്യ, ഉസ്ബകിസ്താൻ ഉൾപ്പെടെ 22 രാജ്യങ്ങളുടെ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തിയതായി സബീഉല്ല മുജാഹിദ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു താലിബാന്റെ പ്രധാന ആവശ്യം. മരവിപ്പിച്ച ഫണ്ടുകൾ വിട്ടുതരണമെന്നും ആഗോള സാമ്പത്തിക വ്യവസ്ഥയിൽനിന്ന് രാജ്യത്തെ ഒറ്റപ്പെടുത്തിയ ബാങ്കിങ് ഉപരോധങ്ങൾ പിൻവലിക്കണമെന്നും സബീഉല്ല മുജാഹിദ് ആവശ്യപ്പെട്ടു. 2021ൽ താലിബാൻ അധികാരം ഏറ്റെടുത്തപ്പോൾ അഫ്ഗാൻ സെൻട്രൽ ബാങ്കിന്റെ 700 കോടി ഡോളർ അമേരിക്ക മരവിപ്പിച്ചിരുന്നു. അതേസമയം, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം നയപരമായ കാര്യമെന്ന് ചൂണ്ടിക്കാട്ടി താലിബാൻ തള്ളിക്കളഞ്ഞു.

അടുത്ത ഘട്ടം ചർച്ച ഈ വർഷാവസാനം ദോഹയിൽ തന്നെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം അഫ്ഗാനിസ്താനിൽ ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ ​ഫെബ്രുവരിയിൽ രണ്ടാം റൗണ്ട് ചർച്ചക്കുള്ള ക്ഷണം താലിബാൻ നിരസിച്ചിരുന്നു. ഒരുവർഷം മുമ്പാണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഫ്ഗാനിലെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെ കൂടി പ​ങ്കെടുപ്പിച്ച് ചർച്ച നടത്താൻ നീക്കം ആരംഭിച്ചത്. അഫ്ഗാനിസ്താനെ പ്രതിനിധാനം ചെയ്യേണ്ടത് തങ്ങൾ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി താലിബാൻ ചർച്ചയിൽ പ​ങ്കെടുത്തില്ല. എന്നാൽ, ഇത് യു.എൻ അംഗീകരിക്കുന്നില്ല. പല രാജ്യങ്ങളും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാത്തതിനാൽ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂടി പങ്കാളിത്തത്തോടെ മാത്രമേ നിക്ഷേപവും സഹായ വിതരണവും ഫലപ്രദമാകൂ എന്നാണ് യു.എൻ നിലപാട്.

സ്ത്രീകൾ ഉൾപ്പെടുന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെയാണ് യു.എൻ ചർച്ചയിലേക്ക് ക്ഷണിച്ചത്. 2021 ആഗസ്റ്റിൽ അഫ്ഗാനിൽ ഭരണത്തിൽ തിരിച്ചെത്തിയ താലിബാൻ കൂടുതൽ തുറന്ന സമീപനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ നിയന്ത്രണങ്ങൾ തുടരുകയാണ്.

Tags:    

Similar News