ഇറാൻ പ്രസിഡന്റിന്റെ അപകട മരണം ; ഇറാന്റെ ദു:ഖത്തിൽ പങ്കുചേർന്ന് ഖത്തർ , ഖത്തർ അമീർ അനുശോചനം രേഖപ്പെടുത്തി
പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകട ദുരന്തത്തിനിരയായ ഇറാന്റെ ദു:ഖത്തിൽ പങ്കുചേർന്ന് ഖത്തർ. ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റും ഇടക്കാല പ്രസിഡന്റുമായ ഡോ. മുഹമ്മദ് മുഖ്ബറിന്റെ ഫോണിൽ വിളിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാജ്യത്തിന്റെ ദു:ഖം നേരിട്ട് അറിയിച്ചു.
എക്സ് പ്ലാറ്റ് ഫോം വഴിയും അമീർ അനുശോചനം പങ്കുവെച്ചു. ‘പ്രസിഡൻറ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ എന്നിവരുടെയും സഹയാത്രികരുടെയും മരണത്തിനിടയാക്കിയ ദുരന്തത്തിൽ ഇറാൻ സർക്കാറിനോടും ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നു. അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി സർവശക്തനായ ദൈവത്തോട് പ്രാർഥിക്കുന്നു’ -അമീർ എക്സിൽ കുറിച്ചു. ഞായറാഴ്ച വൈകീട്ട് അപകടം സംഭവിച്ചതിനു പിന്നാലെ തന്നെ തിരച്ചിൽ ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള സഹായം ഖത്തർ പ്രഖ്യാപിച്ചിരുന്നു.