ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെടുന്ന കുട്ടികൾക്ക് ഐക്യദാർഢ്യവുമായി ഖത്തറിലെ എജ്യൂക്കേഷൻ എബൗ ആൾ

Update: 2023-11-13 06:55 GMT

ഗസ്സയിലെ ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെടുന്ന കുട്ടികൾക്ക് ഐക്യദാർഢ്യവുമായി ഖത്തറിലെ ഓക്‌സിജൻ പാർക്കിൽ കുട്ടികളും കുടുംബങ്ങളും ഒന്നിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രവർത്തന സംഘടനയായ 'എജ്യൂക്കേഷൻ എബൗ ആൾ' ആണ് കുട്ടികൾക്കുവേണ്ടി പ്രത്യേക ഐക്യദാർഢ്യമൊരുക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും അഭ്യർഥനകൾ തള്ളി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളെ കൂട്ടക്കൊല നടത്തുകയാണ് ഇസ്രായേൽ. ഈ സാഹചര്യത്തിൽ നവംബർ 17 വെള്ളിയാഴ്ച എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ 'ചിഡ്രൻ എബൗ ആൾ' എന്ന തലക്കെട്ടിലാണ് സംഗമം. ഉച്ച ഒരു മണി മുതൽ രാത്രി എട്ടു മണി വരെ നീണ്ടു നിൽക്കുന്ന സംഗമത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

എല്ലാവിഭാഗം ജനങ്ങൾക്കും ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുക്കാമെന്ന് ഇ.എ.എ അറിയിച്ചു. മെമ്മോറിയൽ വാക്, മൗനാചരണം, കലാ പ്രദർശനം, ഗസ്സയിലെ കുരുന്നുകൾക്ക് ആദരവായി റോസ് മെമ്മാേറിയൽ എന്നിവ ഉൾപ്പെടുന്നതാണ് വിപുലമായ പരിപാടികൾ. ഇതിനിടയിൽ ഗസ്സയിലേക്കുള്ള സഹായങ്ങളുടെ ഭാഗമായി ധനശേഖരണവും നടക്കും. സ്‌കൂളുകളും അഭയാർഥി ക്യാമ്പുകളും ആശുപത്രികളും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ഇതിനകം 4200ൽ ഏറെ കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇഎഎയുടേതടക്കം 250 ഓളം സ്‌കൂളുകളും തകർത്തു.

Tags:    

Similar News