8800 കുടുംബങ്ങളിലേക്കായി സകാത് ഫണ്ടിൽനിന്നും 23.5 കോടി റിയാലിന്റെ സാമ്പത്തിക സഹായമെത്തിച്ചതായി ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിലെ സകാത് വകുപ്പ് അറിയിച്ചു. സ്കൂൾ ഫീസ്, വൈദ്യ ചികിത്സ, കടം തിരിച്ചടക്കൽ, ചാരിറ്റി ബാസ്ക്കറ്റ് പോലുള്ള സീസണൽ സഹായം, ഒറ്റത്തവണയായി നൽകുന്ന സഹായം എന്നിവയെല്ലാം ഉൾപ്പെടെയാണ് മന്ത്രാലയത്തിന്റെ സകാത് വിതരണമെന്ന് വകുപ്പ് മേധാവി സഅദ് ഉംറാൻ അൽ കുവാരി പറഞ്ഞു.
സകാത്ത് ധനം സമാഹരിക്കാനും അർഹർക്ക് എത്തിക്കാൻ നിയമപ്രകാരം ചുമതലപ്പെടുത്തിയ സർക്കാർ സ്ഥാപനമാണ് സകാത് വകുപ്പെന്നും അൽ കുവാരി കൂട്ടിച്ചേർത്തു. ഏറ്റവും കൂടുതൽ വിനിയോഗിച്ചത് സ്ഥിരമായും ഒറ്റത്തവണയുമായി നൽകുന്ന വിഭാഗത്തിലാണ് (59.2 ശതമാനം).
സ്കൂൾ, സർവകലാശാല ട്യൂഷൻ ഫീസിനത്തിൽ 19.89 ശതമാനം നൽകിയപ്പോൾ കടബാധ്യത തീർക്കുന്നതിന് 9.37 ശതമാനവും സീസണൽ സഹായ വിഭാഗത്തിൽ 8.34 ശതമാനവും ചെലവഴിച്ചതായി സകാത് വകുപ്പ് അറിയിച്ചു.