ലോക കപ്പ് ഫൈനലും ദേശീയ ദിനവും ഒരുമിച്ചാഘോഷിക്കാനൊരുങ്ങി ഖത്തർ, ഡിസംബർ 18 ദേശീയ ദിന അവധി

Update: 2022-12-14 12:52 GMT

  

ദോഹ : ഈ ദേശീയ ദിനം ഖത്തറിന് ഇരട്ടി മധുരം. ലോകത്തെ മുഴുവൻ ഹരം കൊള്ളിച്ചുകൊണ്ട് ഫുട്‌ബോൾ മാമാങ്കത്തിന്റെ ഫൈനൽ നടക്കുന്ന ദിവസമായ ഡിസംബർ 18 ന് ഖത്തറിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം രാജ്യത്ത് ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫിഫ ഫുട്‍ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം കൂടി അന്ന് നടക്കുകയാണ്. ഇത്തവണ ഖത്തർ ദേശീയ ദിനമാഘോഷിക്കുമ്പോൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവരും സാക്ഷിയായിരിക്കും.

അതേസമയം ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ എയര്‍വേയ്‍സ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട് . പ്രീമിയം, ഇക്കണോമി ക്ലാസുകളിലെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം വരെ ഓഫര്‍ കാലയളവില്‍ ഇളവ് ലഭിക്കും. ഡിസംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 17 വരെയാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക.

ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭ്യമാവുമെന്നാണ് ഖത്തര്‍ എയര്‍വേയ്‍സ് പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്. ഡിസംബര്‍ ഒന്‍പത് മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ ആറ് വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാന്‍ ഇപ്പോഴത്തെ ഓഫര്‍ പ്രകാരം ടിക്കറ്റുകളെടുക്കാം. ടിക്കറ്റ് നിരക്കിലെ ഇളവിന് പുറമെ ഖത്തര്‍ എയര്‍വേയ്‍സ് പ്രിവേലേജ് ക്ലബ്ബ് അംഗങ്ങള്‍ക്കായി പ്രത്യേക ബോണസ് പോയിന്റുകളും ലഭിക്കും. വെബ്‍സൈറ്റിലൂടെയോ ഖത്തര്‍ എയര്‍വേയ്‍സ് സെയില്‍സ് ഓഫീസുകള്‍ വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ഉള്ള ബുക്കിങുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാവുമെന്ന് അറിയിച്ചിട്ടുണ്ട്.

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഈ പ്രത്യേക ഓഫറിലൂടെ ഖത്തറിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തങ്ങള്‍ തെളിയിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‍സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു. ദോഹയിലെ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം വഴി 150ല്‍ അധികം നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നത്.

Similar News