ചരിത്രത്തിലെ ആദ്യ ആഫ്രിക്കന്‍ ടീമിന് പ്രോത്സാഹനമേകാൻ ജന്മനാട്ടിലെ ആരാധകരെത്തുമെന്ന് റിപ്പോർട്ടുകൾ
ദോഹ : ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായ മൊറോക്കോ ഫ്രാന്‍സുമായി കൊമ്പു കോർക്കുമ്പോൾ പ്രചോദനമേകാൻ മൊറോക്കൻ ആരാധകർ ഖത്തറിൽ പറന്നിറങ്ങും.നിലവിലുള്ള ആരാധകരെ കൂടാതെ 15000 ആരാധകർ കൂടി സ്വന്തം നാടിൻറെ പടയാളികളെ പ്രോത്സാഹിപ്പിക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. കാസബ്ലാങ്കയില്‍ നിന്ന് ദോഹയിലേക്ക് ഫുട്‌ബോള്‍ ആരാധകരെ എത്തിക്കാന്‍ മൊറോക്കോയുടെ ദേശീയ വിമാനക്കമ്പനിയായ റോയല്‍ എയര്‍ മറോക്ക് 30 പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ലൈന്‍ തിങ്കളാഴ്ച അറിയിച്ചു.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഇത്രയേറെ വിമാനങ്ങള്‍ ഖത്തറിലേക്ക് സര്‍വീസ് നടത്തുക. ഈ വിമാനങ്ങളിലായി ചുരുങ്ങിയത് 15,000 ആരാധകരെ ഖത്തറിലെത്തിക്കാനാണ് മൊറോക്കോ അധികൃതര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഖത്തറിലുള്ള 13,000ത്തിലേറെ മൊറോക്കോ പൗരന്‍മാര്‍ക്ക് പുറമെയാണിത്. അതോടൊപ്പം ആദ്യമായി സെമിയിലെത്തുന്ന അറബ് രാജ്യമെന്ന നിലയ്ക്ക് ഗള്‍ഫ് മേഖലയുടെ മുഴുവന്‍ പിന്തുണയും മൊറോക്കോയ്ക്ക ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നലെ മൊറോക്കോയില്‍ നിന്ന് ഏഴ് വിമാനങ്ങളിലായി നിരവധി ആരാധകര്‍ ദോഹയിലെത്തിയിരുന്നു. ഓരോ യാത്രക്കാരനും മൊറോക്കോയുടെ ദേശീയ നിറങ്ങളിലുള്ള ടി ഷര്‍ട്ടും പതാകയും അടങ്ങിയ ഒരു ബാക്ക്പാക്ക് വിമാനത്താവളത്തില്‍ നിന്ന് ലഭിച്ചിരുന്നു. മൊറോക്കോയുടെ സോക്കര്‍ ഫെഡറേഷനും അതിന്റെ സര്‍ക്കാരും ദേശീയ എയര്‍ലൈനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിമാന സര്‍വീസുകള്‍.
മൊറോക്കോയുടെ ദേശീയ വിദ്യാഭ്യാസ, പ്രീസ്‌കൂള്‍, സ്പോര്‍ട്സ് മന്ത്രാലയവും റോയല്‍ മൊറോക്കന്‍ ഫുട്ബോള്‍ ഫെഡറേഷനും തമ്മിലുള്ള കരാര്‍ പ്രകാരം, ഒരു യാത്രക്കാരന് ഏകദേശം 470 ഡോളര്‍ എന്ന നിരക്കില്‍ റൗണ്ട് ട്രിപ്പ് ഫ്‌ളൈറ്റുകള്‍ സാധ്യമാക്കിയത്. നേരത്തേ മൊറോക്കോ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിനിനെ അട്ടിമറിച്ചതിനു ശേഷം ഖത്തറിലെ മൊറോക്കോയുടെ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് 5,000 ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നു.