ഇലക്ട്രിക്ക് ബസുകളുടെ ഉപയോഗം പരിസ്ഥിതി സൗഹാർദ്ദം

Update: 2022-12-10 13:11 GMT


ദോഹ∙: ലോക കപ്പിനോടനുബന്ധിച്ച് പരിസ്ഥിതിയോടിണങ്ങി നിൽക്കുന്ന ഇലക്ട്രിക്ക് ബസുകൾ ഉപയോഗിച്ച് കാർബണിന്റെ പുറം തള്ളൽ വെട്ടിക്കുറച്ച് ഖത്തർ.ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ വിനാശകരമായ കാർബണിന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നുണ്ട്.ഇത് കുറച്ച് പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് ബസുകളുടെ ഉപയോഗം ഖത്തർ പ്രോത്സാഹിപ്പിക്കുന്നത്.ലോക കപ്പിന് രാജ്യത്തെത്തുന്ന ആളുകളുടെ എണ്ണം അധികമായതിനാൽ കാർബണിന്റെ അളവ് അന്തരീക്ഷത്തിൽ ക്രമാതീതമായി വർധിക്കാതിരിക്കാൻ ദീർഘവീക്ഷണത്തോടെയാണ് ഖത്തർ ലോക കപ്പിനോടനുബന്ധിച്ച് ഇലക്ട്രിക്ക് ബസുകൾ അവതരിപ്പിച്ചത്. ഇലക്ട്രിക് ബസുകളും ഇലക്ട്രിക് ഹൈബ്രിഡ് ടാക്സികളും ഉപയോഗിക്കുന്ന ആദ്യത്തെ ലോകകപ്പ് ആതിഥേയ രാജ്യമാണ് ഖത്തർ.

ലോകകപ്പ് ആദ്യ പകുതി പൂർത്തിയായപ്പോൾ സന്ദർശകർക്കായി ഇലക്ട്രിക് ബസുകൾ സർവീസ് നടത്തിയത് 18,48,393 കിലോമീറ്റർ. ഇ-ബസ് യാത്രകളിലൂടെ കുറയ്ക്കാൻ കഴിഞ്ഞത് 16,84,256 കിലോഗ്രാം കാർബൺ. നവംബർ 20 മുതൽ ഡിസംബർ 6 വരെ ടൂർണമെന്റ് ബസ് സർവീസ് (ടിബിഎസ്), പൊതു ഗതാഗതം എന്നിവയുൾപ്പെടെ 900 ഇലക്ട്രിക് ബസുകളാണ് 1,41,309 മണിക്കൂറുകളിലായി സർവീസ് നടത്തിയതെന്ന് പൊതുഗതാഗത കമ്പനിയായ മൗസലാത്ത് (കർവ) അധികൃതർ വെളിപ്പെടുത്തി.

ഒരു വർഷം 12,205 മരങ്ങൾ ആഗിരണം ചെയ്യുന്ന കാർബണിനു തുല്യമാണ് ഇപ്പോൾ കുറയ്ക്കാൻ സാധിച്ച അളവ്. പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസൃതമായാണ് മൗസലാത്ത് ഇ-ബസുകൾ നിർമിച്ചിരിക്കുന്നത്.

അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുരക്ഷിതവും സുഗമവും സുസ്ഥിരവുമായ യാത്ര ഉറപ്പാക്കുക വഴി ലോകകപ്പു മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കൂടിയാണ് കുറയുന്നത്. ടൂർണമെന്റിനായി കർവയുടെ 900 ഇ-ബസുകൾ ഉൾപ്പെടെ 2,385 ബസുകളാണ് സർവീസ് നടത്തുന്നത്. റോഡു മാർഗം എത്തുന്നവരെ ദോഹയിലേക്ക് എത്തിക്കാനായി അബു സമ്ര അതിർത്തിയിൽ നിന്ന് 500 ലധികം ബസുകളുമുണ്ട്.

Similar News