പലസ്തീൻ ജനതക്ക് വീണ്ടും പിന്തുണ അറിയിച്ച് ഒമാൻ

Update: 2023-12-22 05:32 GMT

പലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യരാഷ്ട്ര സഭയിൽ വീണ്ടും പൂർണ പിന്തുണ അറിയിച്ച് ഒമാൻ. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ പത്താം അടിയന്തര പ്രത്യേക സമ്മേളനത്തിൽ ഒമാൻറെ പ്രതിനിധി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പലസ്തീന്റെ ശബ്ദം ഇല്ലാതാക്കാനാണ് ചിലർ ശ്രമിച്ചത്. എന്നാൽ, ലോകം മുഴുവൻ പലസ്തീനുവേണ്ടി ശബ്ദമുയർത്തുകയും ലോകത്തിന്റെ കാതുകൾക്കും കണ്ണുകൾക്കുമുമ്പിൽ ഇസ്രായേൽ നടത്തുന്നന്നത് ഭീകരതയാണെന്ന് മനസിലായിരിക്കുകയാണെന്നും ഒമാൻറെ പ്രതിനിധി സംഘത്തിലെ അംഗം ഫസ്റ്റ് സെക്രട്ടറി എൻജനീയർ ഇസ്മായിൽ ബിൻ മർഹൂൺ അൽ അബ്രി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ അടിയന്തര പ്രത്യേക സെഷൻ ചേർന്നത് ഒരു ജനതക്കെതിരായ കൂട്ടായ ശിക്ഷയും വംശഹത്യയും തള്ളികളയുന്നതിനുവേണ്ടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അപൂർവ്വമായി കണ്ടിട്ടുള്ള വംശീയ പദ്ധതികളാണ് നാം നടപ്പിലാക്കാൻ അനുവദിക്കുന്നത്.

പലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടരാൻ ഇസ്രായേലിന് പച്ചക്കൊടി കാട്ടുന്നത് ലോകവും സമാധാനപ്രിയരായ ജനങ്ങളും മറക്കില്ല. സുരക്ഷാ കൗൺസിലിൽനിന്നുള്ള നിയമസാധുത അട്ടിമറിക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ കൗൺസിലിന്റെ പങ്ക് നിർവീര്യമാക്കുന്നതിനും കാരണമാകുന്ന ഇസ്രായേലിൻറെ നടപടികളെ അപലപിക്കുന്നു എന്നും ഒമാൻറെ പ്രതിനിധി പറഞ്ഞു.

Tags:    

Similar News