ഒമാനിലെ എണ്ണക്കപ്പൽ അപകടം ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു , രക്ഷാ പ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയും
ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതം. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമ നിരീക്ഷണത്തിന് പി-81 വിമാനവുമാണ് രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്.
കാണാതായ ഏഴു പേർക്ക് വേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. അപകടത്തിൽപ്പെട്ട 16 ജീവനക്കാരിൽ ഒമ്പത് പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കൻ പൗരനും ഉൾപ്പെടുന്നു. കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കപ്പലിൽ നിന്ന് വാതക ചോർച്ചയില്ലെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നതെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കപ്പൽ അതിഗുരുതരാവസ്ഥയിലാണ്. പ്രതികൂല കാലാവസ്ഥ കാരണം ചോർച്ചക്ക് സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചോർച്ചയടക്കമുള്ള ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഒമാൻ ദുകം വിലായത്തിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) തെക്കുകിഴക്കായാണ് തിങ്കളാഴ്ച എം.വി. പ്രസ്റ്റീജ് ഫാൾക്കൺ എണ്ണക്കപ്പൽ മറിയുന്നത്. യമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്ന പ്രസ്റ്റീജ് ഫാൽക്കൺ ആണ് അപകടത്തിൽപെടുന്നത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. 2007ൽ നിർമിച്ച 117 മീറ്റർ നീളമുള്ള എണ്ണക്കപ്പലാണ് എം.വി. പ്രസ്റ്റീജ് ഫാൾക്കൺ.