ഒമാനിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു

Update: 2024-02-06 05:37 GMT

ഒമാനിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പബ്ലിക്ക് പ്രോസിക്യൂഷൻ. 2022ൽ 126 കേസുകളായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 140 ആയി ഉയർന്നിരിക്കുന്നു. കഴിഞ്ഞ വർഷം പബ്ലിക്ക് പ്രോസിക്യൂഷൻ കൈകാര്യം ചെയ്ത കേസുകളും മറ്റു നിരവധി വിഷയങ്ങളും അവലോകനം ചെയ്ത് നടത്തിയ വാർഷിക യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഓൺലൈൻ ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസുകൾ 2022ലെ 2519 ൽനിന്ന് കഴിഞ്ഞ വർഷം 2686 ആയും ഉയർന്നു. കാർഡ് ദുരുപയോഗം, വഞ്ചനാശ്രമം എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ദുരുപയോഗമാണ് ഈ കേസുകളിൽ വരുന്നത്. അതേസമയം, സ്വകാര്യതയുടെയും രഹസ്യാത്മകതയുടെയും ലംഘനങ്ങൾ ഉൾപ്പെടുന്ന കേസുകൾ കുറഞ്ഞു. 2022ൽ ഇത് 162 ആയിരുന്നുവെങ്കിൽ കഴിഞ്ഞവർഷം 134 ആയി. വ്യാജരേഖ ചമക്കലും വിവരതട്ടിപ്പും ഉൾപ്പെടുന്ന വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗത്തിലും കുറവുണ്ടായിട്ടുണ്ട്.

ഇലക്ട്രോണിക് ഇടപാടുകൾ ഉൾപ്പെടുന്ന കേസുകൾ 2022ൽ എട്ട് ആയിരുന്നത് 2023ൽ ആറായും കുറഞ്ഞു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ മുന്നിൽ വരുന്നത് ചെക്ക് ബൗൺസുകളും തൊഴിൽ നിയമലംഘനങ്ങളുമാണെന്ന് പ്രോസിക്യൂഷൻറെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ആകെ 8,461 ചെക്ക് ബൗൺസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 7,571 കേസുകളുമായി തൊഴിൽനിയമ ലംഘനങ്ങളാണ് തൊട്ടടുത്തുവരുന്നത്. വിദേശികളുടെ താമസ നിയമ ലംഘനങ്ങൾ 6,263, വഞ്ചന കേസുകൾ 3,202 എന്നിവയാണ് തൊട്ടുപിന്നിൽ. കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മസ്‌കത്ത് ഗവർണറേറ്റിലാണ്. 16,534 കേസുകളാണ് കഴിഞ്ഞ വർഷം ഇവിടെ റിപ്പോർട്ട് ചെയ്തത്.

വടക്കൻ ബാത്തിന-5,913, ദോഫാർ-3,922 എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു ഗവർണറേറ്റുകൾ. കേസുകളിൽ രജിസ്റ്റർ ചെയ്ത പ്രതികളുടെ എണ്ണം 18.8 ശതമാനം വർധിച്ച് 74,667 ആയി. ഇതിൽ 45.9 ശതമാനം പ്രവാസികളാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ 60 ശതമാനത്തിലധികം അപകടസാധ്യതയിലാത്തതാണ്. കൊലപാതക കേസുകളും കുറഞ്ഞു. കഴിഞ്ഞ വർഷം ആകെ ഏഴ് കൊലപാതക കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻ വർഷമിത് 13 ആയിരുന്നു. കഴിഞ്ഞ വർഷം പബ്ലിക്ക് പ്രോസിക്യൂഷന് 37,836 കേസുകളാണ് ലഭിച്ചത്. 2022നെ അപേക്ഷിച്ച് 17.2 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 2023ൽ 17,830 വിധിന്യായങ്ങൾ പുറപ്പെടുവിച്ചു, 2022 നെ അപേക്ഷിച്ച് 15.4 ശതമാനം വർധനവ്. ഇതിൽ 15,530 വിധികൾ നടപ്പിലാക്കി. ഇത് മൊത്തം വിധിന്യായങ്ങളുടെ 87.1 ശതമാനം വരും.

Tags:    

Similar News