ഉത്തരേന്ത്യയിൽ മഴ തുടരുന്ന സാഹചര്യത്തിൽ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖ കവിഞ്ഞു

Update: 2023-07-23 05:02 GMT

ഉത്തരേന്ത്യയിൽ മഴ തുടരുന്ന സാഹചര്യത്തിൽ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. രാവിലെ 205.75 മീറ്ററാണ് ഡൽഹി റെയിൽവേ പാലത്തിനു താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 206.7ലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായാൽ സമീപവാസികൾ മാറണമെന്ന് അധികൃതർ അറിയിച്ചു. 

ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷൻ പറഞ്ഞു. ശനിയാഴ്ച രാത്രി 10ന് 205.02 മീറ്ററായിരുന്നു ജലനിരപ്പ്. വളരെ പെട്ടെന്നു തന്നെ അപകടരേഖയായ 205.33 മീറ്ററിലേക്ക് എത്തി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് തുറന്നുവിട്ട ജലം 36 മണിക്കൂറിനു ശേഷമാണ് രാജ്യതലസ്ഥാനത്ത് എത്തിയത്. 

അണക്കെട്ടിൽനിന്ന് വെള്ളം ഒഴുക്കിവിടുന്നതിൽ ഡൽഹി സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. തീരദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് റവന്യൂമന്ത്രി അതിഷി വ്യക്തമാക്കി. യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാൽ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. 

ഉത്തർപ്രദേശിലെ ഹിന്റോൺ നദിയിലും ജലനിരപ്പ് ഉയരുകയാണ്. ഗാസിയാബാദിൽനിന്ന് ആയിരത്തിലേറെ ആളുകളെ മാറ്റിപാർപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. 48 മണിക്കൂറിനിടെ ഹിന്റോൺ നദിയിലെ ജലത്തിന്റെ അളവ് 10,575 ക്യുസെക്സായി. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ തുടരുന്ന സാഹചര്യത്തില്‍ നദികളുടെ തീരത്തു താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ജൂലൈ 25 വരെ ഇരുസംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Tags:    

Similar News