ദേശീയ ഗുസ്തി താരങ്ങളുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. കായിക മന്ത്രി അനുരാഗ് താക്കൂറുമായി താരങ്ങൾ നേരിട്ട നടത്തിയ മാരത്തോൺ ചർച്ചയിലാണ് തീരുമാനം. താരങ്ങൾ ഉയർത്തിയ മിക്ക ആവശ്യങ്ങളും സർക്കാരിന് അംഗീകരിക്കേണ്ടിവന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗ് മാറിനിൽക്കും. ബ്രിജ് ഭൂഷണെതിരെ ഉയർന്നത് അടക്കമുള്ള ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും.
താരങ്ങളുമായി കായിക മന്ത്രി നടത്തിയ രണ്ടാമത്തെ ചർച്ച ഏഴു മണിക്കൂറോളം നീണ്ടു. ബ്രിജ് ഭൂഷണിന്റെ രാജി, ഫെഡറേഷൻ ആകെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളാണ് താരങ്ങൾ മുന്നോട്ടുവെച്ചത്. രാജിവെക്കാൻ തയ്യാറാകില്ലെന്നാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ ആവർത്തിക്കുന്നത്. ഇന്ന് നാല് മണിക്ക് നടത്താനിരുന്ന വാർത്താസമ്മേളനം ഇയാൾ ഞായറാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ അസോസിയേഷൻ സമിതി രൂപീകരിച്ചു. മേരി കോം അധ്യക്ഷയായ ഏഴംഗ സമിതിയെയാണ് നിയോഗിച്ചത്.