ഇന്ത്യയിൽ എല്ലാവരുമായും കേന്ദ്ര സർക്കാർ പോരടിക്കുകയാണെന്ന് പരിഹസിച്ച് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ രംഗത്ത്. വിവിധ സംസ്ഥാനങ്ങളുമായും ജഡ്ജിമാരുമായും കർഷകരുമായും വ്യവസായികളുമായും നരേന്ദ്ര മോദി സർക്കാർ പോരാട്ടത്തിലാണെന്ന് കേജ്‍രിവാൾ പരിഹസിച്ചു. മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ ഡൽഹിയിലെ എഎപി ഓഫിസുകൾക്കു പുറത്ത് പ്രതിഷേധിക്കുന്നതിനിടെയാണ്, കേന്ദ്രസർക്കാരിനെ പരിഹസിച്ച് കേജ്‌രിവാൾ രംഗത്തെത്തിയത്
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ കേജ്‌രിവാൾ, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് നരേന്ദ്ര മോദി സർക്കാർ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
''എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ എല്ലാവരുമായും ഇങ്ങനെ പോരടിക്കുന്നത്? ജഡ്ജിമാർ, സുപ്രീം കോടതി, വിവിധ സംസ്ഥാന സർക്കാരുകൾ, കർഷകർ, വ്യവസായികൾ.. എല്ലാവരുമായും മോദി സർക്കാർ പോരടിക്കുകയാണ്. ഇങ്ങനെ എല്ലാവരുമായും ഉടക്കി നിന്നാൽ രാജ്യത്തിന് യാതൊരു വിധ അഭിവൃദ്ധിയും ഉണ്ടാകില്ല. സ്വന്തം കാര്യം നോക്കുകയും, മറ്റുള്ളവരെ അവരുടെ കാര്യം നോക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉചിതം. മറ്റുള്ളവരുടെ കാര്യങ്ങളിൽ തലകടത്തരുത്' – കേജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.