വാട്സ്ആപ്പിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു. വാട്സ്ആപ്പിന്റെ പ്രവർത്തനം ഇപ്പോൾ പൂർവരൂപത്തിലായി. ഉച്ചക്ക് 12.30 ഓടെയായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമായത്. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചെത്തുമെന്ന് മെറ്റ അധികൃതർ അറിയിച്ചിരുന്നു. വാട്സ്ആപ്പിന് എന്താണ് സംഭവിച്ചതെന്ന് മെറ്റ വിശദീകരിച്ചിട്ടില്ല. ഏകദേശം രണ്ടര മണിക്കൂറാണ് വാട്സ്ആപ്പ് സേവനം തടസ്സപ്പെട്ടത്.
വാട്സ്ആപ്പ് പ്രവർത്തനരഹിതമായതോടെ ട്വിറ്ററിൽ ട്രോളുകൾ നിറഞ്ഞു. മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ചിത്രങ്ങൾ വച്ചാണ് മിക്ക ട്രോളുകളും. വാട്സ്ആപ്പ് ഡൗൺ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.