എന്ത് സംഭവിച്ചാലും, എന്റെ കര്‍ത്തവ്യം അതുപോലെ തുടരും; ഇന്ത്യ എന്ന ആശയം സംരക്ഷിക്കും, രാഹുൽ ഗാന്ധി

Update: 2023-08-04 14:36 GMT

സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.ഫെയ്‌സ്ബുക്കില്‍ രണ്ട് വരിയില്‍ ഒതുക്കിയ കുറിപ്പില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കി.തുടര്‍ന്ന് ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനവും രാഹുല്‍ ഗാന്ധി നടത്തി. സത്യം വിജയിക്കുമെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയും അറിയിച്ചു. ഏത് സാഹചര്യത്തിലും രാജ്യത്തോടുള്ള കടമ തുടര്‍ന്നും നിര്‍വഹിക്കും.മുന്നോട്ടുള്ള വഴികള്‍ സുവ്യക്തമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിചാരണ കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്‌ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ അവ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.ബിആര്‍ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അയോഗ്യ നീങ്ങുന്നതോടെ രാഹുലിന് ഇനി വയനാടിന്റെ എംപിയായി തുടരാം.

Tags:    

Similar News