കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലിനെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയല്ല; വയനാട് ദുരന്തത്തിൽ മനംനൊന്ത്  മാധവ് ഗാഡ്‌ഗിൽ

Update: 2024-07-31 07:46 GMT

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ മനംനൊന്ത് മാധവ് ഗാഡ്‌ഗിൽ. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലിനെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയല്ല ഇപ്പോഴെന്നാണ് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്.

13 വർഷം മുമ്പാണ് കേരളത്തിലെ അനിയന്ത്രിത നിർമാണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നീട് പല ദുരന്തങ്ങൾ ഉണ്ടായപ്പോഴും ഈ റിപ്പോർട്ട് ചർച്ചയായി. 2011ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇപ്പോൾ ദുരന്തം ഉണ്ടായ വയനാട് മേപ്പാടിയിലെ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു. മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ, മേപ്പാടി എന്നീ മേഖലകൾ റിപ്പോർട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടും.

അന്നത്തെ കേന്ദ്രസർക്കാർ ഗാഡ്‌ഗിൽ റിപ്പോർട്ട് തള്ളുകയും മറ്റൊരു റിപ്പോർട്ട് തയ്യാറാക്കാൻ കസ്‌തൂരിരംഗന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുകയുമായിരുന്നു. അനിയന്ത്രിതമായ ഭൂമികയ്യേറ്റവും വനനശീകരണവും അശാസ്‌ത്രീയ നിർമാണപ്രവർത്തനങ്ങളുമാണ് പ്രളയദുരന്തങ്ങളിലേക്ക് കേരളത്തെ തള്ളിയിട്ടതെന്ന് 2018 സെപ്തംബറിൽ പൂനെയിലെ അന്താരാഷ്‌ട്ര സെന്ററിൽ നടന്ന ചർച്ചയിൽ ഗാഡ്‌ഗിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രകൃതി സംരക്ഷണവും പാരിസ്ഥിതിക സന്തുലനവും ഉറപ്പാക്കുന്നതിന് ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ, അതൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം. ജനങ്ങൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. ഇതിനെതിരെ ജനങ്ങൾ സംഘടിക്കണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻ പോലും ജനങ്ങൾ ഭയപ്പെടുന്ന അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകണം. നിലവിലുള്ള ത്രിതലപഞ്ചായത്ത് നിയമങ്ങളുടെ ബലത്തിൽ ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു.

Tags:    

Similar News