ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്നു കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുപി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ. മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ. മൽതി ദേവി 2003ലും സാധന ഗുപ്ത ഈ വർഷം ജൂലൈയിലുമാണ് അന്തരിച്ചത്. മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവിൽ മെയ്ൻപുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢിൽനിന്നും സംഭാലിൽനിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
യുപിയിലെ ഇറ്റാവ ജില്ലയിലുള്ള സായ്ഫെയ് ഗ്രാമത്തിൽ സുഘർ സിങ് യാദവിന്റെയും മൂർത്തി ദേവിയുടെയും മകനായി 1939 നവംബർ 22നാണ് മുലായം ജനിച്ചത്. റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ൽ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവിൽക്കിടന്നു. 1977ൽ ആദ്യമായി മന്ത്രിയായി.