15 വർഷത്തെ കാത്തിരിപ്പ്; മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിൽ ഇന്നു വിധി പറയും

Update: 2023-10-18 04:59 GMT

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച, ഒരു കൊലപാതകമായിരുന്നു മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റേത്. കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷം ഇന്ന് സാകേത് സെഷൻസ് കോടതി കേസിൽ വിധി പറയുകയാണ്. കേസിൽ കഴിഞ്ഞ 13നു വാദം പൂർത്തിയായ ശേഷം വിധി പറയാനായി അഡീഷനൽ സെഷൻസ് ജഡ്ജി രവികുമാർ പാണ്ഡേ ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.

2008 സെപ്റ്റംബർ 30 നാണ് രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്ന മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥിനെ (25) നെൽസൺ മൺഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൗമ്യക്ക് വെടിയേൽക്കുകയായിരുന്നു. 2009ൽ രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികൾ കേസിൽ അറസ്റ്റിലായെങ്കിലും വിചാരണ വർഷങ്ങൾ നീളുകയായിരുന്നു.

ഡൽഹി വസന്ത്കുഞ്ചിൽ താമസിച്ചിരുന്ന കുറ്റിപ്പുറം പേരിശന്നൂർ കിഴിപ്പള്ളി മേലേവീട്ടിൽ വിശ്വനാഥൻ– മാധവി ദമ്പതികളുടെ മകളാണ് സൗമ്യ. ഡൽഹി കാർമൽ സ്കൂളിലും ജീസസ് ആൻഡ് മേരി കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ സൗമ്യ ദ് പയനിയർ പത്രത്തിലും സിഎൻഎൻ–ഐബിഎൻ ടിവിയിലും പ്രവർത്തിച്ചിരുന്നു. ഹെഡ്‌ലൈൻസ് ടുഡേയിൽ പ്രൊഡ്യൂസറായി ജോലി ചെയ്യുമ്പോഴായിരുന്നു മരണം. ശുഭ വിശ്വനാഥനാണ് സഹോദരി.

Tags:    

Similar News