സവര്‍ക്കറെ അധിക്ഷേപിക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കും; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഉദ്ധവ്

Update: 2023-03-27 05:28 GMT

സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിപക്ഷ ഐക്യത്തിനെ ബാധിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മലേഗാവില്‍ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ്. അയോഗ്യനാക്കപ്പെട്ടതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

വി.ഡി. സവര്‍ക്കര്‍ തന്റെ ആരാധനമൂര്‍ത്തിയാണെന്ന് താക്കറെ പറഞ്ഞു. അദ്ദേഹത്തെ അധിക്ഷേപിക്കുന്നതില്‍ നിന്നും രാഹുല്‍ വിട്ടു നില്‍ക്കണം. 14 വര്‍ഷത്തോളം ആന്‍ഡമാനില്‍ സവര്‍ക്കര്‍ അനുഭവിച്ചത് സങ്കല്‍പ്പിക്കാനാകാത്ത പീഡനങ്ങളാണ്. സവര്‍ക്കറെ അപമാനിക്കുന്നതിന് ഇടം നല്‍കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. 'ശിവ സേനയിലെ ഉദ്ധവ് വിഭാഗവും കോണ്‍ഗ്രസും എന്‍.സി.പിയും രാഷ്ട്രീയ ഐക്യം രൂപവത്കരിച്ചിരിക്കുന്നത് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ്. അതിനായി നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രാഹുല്‍ ഗാന്ധിയെ ബോധപൂര്‍വ്വം പ്രകോപിപ്പിക്കുകയാണ്. നാം ഇത്തരം വിഷയങ്ങളില്‍ സമയം കളയുന്ന സാഹചര്യമുണ്ടായാല്‍ അത്‌ ജനാധിപത്യത്തെ അപകടത്തിലാക്കും'- ഉദ്ധവ് താക്കറെ പറഞ്ഞു.

Tags:    

Similar News