രാജ്യദ്രോഹികളെ രാഷ്ട്രീയമായി വധിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ പാര്‍ട്ടിപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് ഉദ്ധവ് താക്കറെ

Update: 2024-01-24 07:16 GMT

രാമന്‍ ഒരു പാര്‍ട്ടിയുടെ മാത്രം സ്വത്തല്ലെന്ന് ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറെ. രാജ്യദ്രോഹികളെ രാഷ്ട്രീയമായി വധിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. ബാൽ താക്കറെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നാസിക് നഗരത്തിൽ നടന്ന പാർട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“ഈ ശിവസൈനികർ എന്‍റെ സമ്പത്താണ്. ഈ പാർട്ടിയെയും ഈ ശിവസൈനികരെയും എനിക്ക് പാരമ്പര്യമായി ലഭിച്ചു. ഞാൻ അവ മോഷ്ടിച്ചിട്ടില്ല. ഒരു രാജവംശം എന്ന് വിളിക്കാം'' താക്കറെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ ആദ്യ ഭരണകാലത്ത് (2014-19) വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടും അയോധ്യ സന്ദർശിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

മോദി പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പാക്കാൻ ശിവസേന സജീവമായി പ്രചാരണം നടത്തിയിരുന്നെങ്കിലും ഇപ്പോൾ ശിവസേന (യുബിടി) നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുകയാണെന്നും താക്കറെ ആരോപിച്ചു. വാക്കു പാലിക്കുന്ന ആളായിരുന്നു രാമന്‍. എന്നാല്‍ നിങ്ങള്‍ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നു. ഈ സ്ഥാനത്ത് എത്താൻ നിങ്ങളെ സഹായിച്ച ആ ശിവസൈനികരെ നിങ്ങൾ മറന്നു...താക്കറെ ചൂണ്ടിക്കാട്ടി.

“കഴിഞ്ഞ 70 വർഷമായി അവർ എന്താണ് ചെയ്തതെന്ന് നിങ്ങൾ കോൺഗ്രസിനോട് ചോദിക്കുന്നു. കഴിഞ്ഞ 10 വർഷമായി നിങ്ങൾ എന്താണ് ചെയ്തതെന്ന് ഞങ്ങളോട് പറയുക.അധികാരമേറ്റ ആദ്യ അഞ്ച് വർഷങ്ങളിൽ പ്രധാനമന്ത്രി ലോകമെമ്പാടും കറങ്ങി. ആദ്യത്തെ അഞ്ച് വർഷത്തിൽ ഒരിക്കൽ പോലും അദ്ദേഹം അയോധ്യ സന്ദർശിച്ചിട്ടുണ്ടോ എന്ന് ചോദിക്കുക.

ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ നിങ്ങള്‍ കള്ളക്കേസുകള്‍ ചുമത്തുന്നു. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ നിങ്ങൾക്കെതിരെ അന്വേഷണം നടത്തി നിങ്ങളെ ജയിലിലേക്ക് അയക്കും” താക്കറെ പറഞ്ഞു. അഴിമതികളുടെ ഉറവിടമായ പിഎം കെയർസ് ഫണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആർഎസ്എസ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നും അവർ ഇപ്പോൾ രാജ്യത്തിന്‍റെ സ്വാതന്ത്ര്യം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും താക്കറെ ആരോപിച്ചു.

Tags:    

Similar News