കനത്ത ചൂടും ഉഷ്ണ തരംഗവും; സ്കൂളുകളുടെ അവധി  മെയ് 1 വരെ നീട്ടി ത്രിപുര സർക്കാർ

Update: 2024-04-29 08:31 GMT

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ചൂടും ഉഷ്ണ തരംഗവും കാരണം പ്രതിസന്ധിയിലാണ്. കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ സ്കൂളുകൾക്ക് മേയ് 1 വരെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

നേരത്തെ ഏപ്രിൽ 24 മുതൽ നാല് ദിവസത്തേക്ക് എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏപ്രിൽ 29 മുതൽ മെയ് 1 വരെ മൂന്ന് ദിവസത്തേക്ക് കൂടി അവധി നീട്ടി ഉത്തരവ് വന്നു. വെയിലത്തിറങ്ങരുതെന്നും  ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും വിദ്യാർത്ഥികള്‍ക്ക് നിർദേശം നൽകി.  മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്നും വായുസഞ്ചാരം ഉറപ്പാക്കണമനെന്നും ജനങ്ങള്‍ക്ക് നിർദേശം നൽകി. 

അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില 37.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 28.2 ഡിഗ്രി സെൽഷ്യസുമായിരുന്നു. കഴിഞ്ഞ വർഷം വേനൽക്കാലത്ത് ത്രിപുരയിലെ ഏറ്റവും ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസായിരുന്നു.

Tags:    

Similar News